സജി ചെറിയാന് ക്ലീൻചിറ്റ് നൽകിയത് പാർട്ടി പ്രവർത്തകരുടെ മൊഴി വിശ്വാസത്തിലെടുത്തെന്ന് ഹൈകോടതി
text_fieldsകൊച്ചി: സദസ്സിലുണ്ടായിരുന്ന 39 പാർട്ടി പ്രവർത്തകരുടെ മൊഴി വിശ്വാസത്തിലെടുത്താണ് മന്ത്രി സജി ചെറിയാന് ക്ലീൻചിറ്റ് നൽകിയതെന്ന് ഹൈകോടതി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്തിമ റിപ്പോർട്ട് നൽകിയത് ന്യായമായ അന്വേഷണമായി കരുതാനാകില്ല. പ്രസംഗം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെയടക്കം മൊഴിയെടുത്തില്ല. ഇക്കാര്യമൊന്നും വിലയിരുത്താതെയാണ് മജിസ്ട്രേട്ട് കോടതി റിപ്പോർട്ട് അംഗീകരിച്ചത്. പ്രസംഗത്തിന്റെ ആദ്യഭാഗം അനാദരവാണെന്നതിൽ തർക്കമില്ല.
കുന്തം, കൊടച്ചക്രം എന്നിവ നിർവചിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. എന്നാൽ, ഭരണഘടനയുടെ ആമുഖത്തിലെ തത്ത്വങ്ങളോട് ചേർത്ത് ഈ വാക്കുകൾ പറയുന്നത് സദുദ്ദേശ്യപരമാണെന്ന് കരുതാനാകില്ല. ആരോപണ വിധേയൻ മന്ത്രിയായതിനാൽ തുടരന്വേഷണം എസ്.എച്ച്.ഒ നടത്തുന്നത് ഉചിതമാകില്ലെന്ന് വിലയിരുത്തിയാണ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ കോടതി നിർദേശിച്ചത്. പുനരന്വേഷണ സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് സി.ബി.ഐ അന്വേഷണ ആവശ്യം തള്ളിയത്.
സജി ചെറിയാന്റെ രാജി: സർക്കാർ തീരുമാനിക്കട്ടെ -ഗവർണർ
കൊച്ചി: ഹൈകോടതിവിധിയുടെ പശ്ചാത്തലത്തിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാറും മന്ത്രിയുമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതി ഉത്തരവ് പഠിച്ചിട്ടില്ലെന്നും പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോടതി നിർദേശങ്ങളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സജി ചെറിയാൻ മാറിനിൽക്കണം -കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഭരണഘടനവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ സജി ചെറിയാന് മന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കുന്നതാണ് ഉചിതമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ അന്വേഷണത്തിന് ഉത്തരവിട്ട സ്ഥിതിക്ക് സാങ്കേതികമായും ധാർമികമായും മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരി യല്ല. ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമായി നടക്കണമെങ്കിൽ ആ സ്ഥാനത്തുനിന്ന് മാറിനിൽക്കലാണ് ഉത്തമം -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സജി ചെറിയാനെ പുറത്താക്കണം -സതീശൻ
തിരുവനന്തപുരം: കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. രാജിക്ക് തയാറായില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം. പൊലീസ് നല്കിയ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തതിലൂടെ തെറ്റായ നടപടിയാണ് മുഖ്യമന്ത്രി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.