Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്രൈവർമാർക്കെതിരെ...

ഡ്രൈവർമാർക്കെതിരെ ഹൈകോടതി; വേണം കർശന നടപടി

text_fields
bookmark_border
tourist bus
cancel

കൊച്ചി: വടക്കഞ്ചേരിയിൽ അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലാണെന്ന് രണ്ടുതവണ ഉടമക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ട്രാൻസ്പോർട്ട് കമീഷണർ ഹൈകോടതിയിൽ. ജി.പി.എസ് സംവിധാനം ഉപയോഗിച്ചാണ് സന്ദേശം നൽകിയത്.

എന്നാൽ, ഭൂരിപക്ഷം വാഹനങ്ങളിലും ഈ സംവിധാനം സ്ഥാപിച്ചിട്ടില്ലെന്നും കമീഷണർ പറഞ്ഞു. അതേസമയം, റോഡ് നിയമങ്ങൾ പാലിക്കാത്ത ഡ്രൈവർമാർക്കെതിരെ കർശന നടപടി വേണമെന്നും ഇതിനായി ഉത്തരവുകളും സർക്കുലറുകളും പുറപ്പെടുവിക്കണമെന്നും ട്രാൻസ്പോർട്ട് കമീഷണറോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

വടക്കഞ്ചേരി റോഡപകടവുമായി ബന്ധപ്പെട്ട് സ്വമേധയ സ്വീകരിച്ച ഹരജിയിൽ വിശദീകരണത്തിന് കോടതി നിർദേശ പ്രകാരമാണ് റോഡ് സുരക്ഷ കമീഷണറുടെ ചുമതലകൂടി വഹിക്കുന്ന ട്രാൻസ്പോർട്ട് കമീഷണർ എസ്. ശ്രീജിത് നേരിട്ട് ഹാജരായത്.

സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ സ്വീകരിച്ച നടപടികൾ അദ്ദേഹം വിശദീകരിച്ചു. ഗതാഗത ബോധവത്കരണത്തിലൂടെ സംസ്ഥാനത്തെ അപകട മരണത്തിന്‍റെ തോത് 13.7 ശതമാനം കുറക്കാനായി. ഗതാഗത നിയമങ്ങൾ ഹയർ സെക്കൻഡറി സിലബസിലും ഉൾപ്പെടുത്തി.

റോഡിലെ നിയമ ലംഘനങ്ങളിൽ 80 ശതമാനത്തിനും കാരണം അശ്രദ്ധമായ ഡ്രൈവിങ്ങാണെന്നും കമീഷണർ അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ഇത് തുടരുന്നതെന്ന് ഈ ഘട്ടത്തിൽ കോടതി ആരാഞ്ഞു. 5,000 രൂപ പിഴ ചുമത്തുന്നതും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുമപ്പുറം ഒരു നടപടിയും സ്വീകരിക്കാനാകില്ലെന്ന് കമീഷണർ വ്യക്തമാക്കി.

പിഴത്തുക വാഹനയുടമ അടക്കുന്നതിനാൽ ഡ്രൈവർമാർക്ക് ഒരു കൂസലുമില്ലാത്ത സ്ഥിതിയാണ്. സംസ്ഥാനത്തെ 1.67 കോടി വാഹനങ്ങളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പിൽ ആകെയുള്ളത് 368 ഓഫിസർമാരാണ്. റോഡ് നിയമങ്ങൾ പാലിക്കാത്തതിന് 200 കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു.

വേഗനിയന്ത്രണം പാലിക്കാത്തതിന് വെള്ളിയാഴ്ച മാത്രം 96 ഡ്രൈവർമാർക്കെതിരെ നടപടിയുണ്ടായി. വടക്കഞ്ചേരിയിൽ അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇതിന്‍റെ പേരിൽ വാഹനം നിരത്തിലിറക്കുന്നത് തടയാനാകില്ലെന്ന് കമീഷണർ വിശദീകരിച്ചു.

കർശന നടപടി ഉണ്ടാകാത്തതിനാലാണ് ഡ്രൈവർമാർ നിയമങ്ങൾ പാലിക്കാത്തതെന്ന് അമിക്കസ് ക്യൂറി വിശദീകരിച്ചു. മോട്ടോർ വെഹിക്കിൾ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ ഓഫിസിൽ ക്ലറിക്കൽ ജോലികൾക്കായി നിയോഗിച്ചിരിക്കുകയാണ്.

ന്യായീകരണങ്ങളല്ല സുരക്ഷിത യാത്രക്കുള്ള നടപടികളാണ് വേണ്ടതെന്നും നിയമം ലംഘിക്കുന്നവരെ കയറൂരിവിടാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ റോഡിലെ സംസ്കാരം മാറേണ്ടതുണ്ട്. വലിയ വാഹനങ്ങളുടെ ഡ്രൈവർമാരുടെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി വേണം.

റോഡിൽ ഇനിയും ചോരവീഴാൻ അനുവദിക്കരുത്. റോഡിലെ നിയമ ലംഘനങ്ങളെക്കുറിച്ച് പരാതിയറിയിക്കാൻ സംസ്ഥാന -ജില്ല അടിസ്ഥാനത്തിൽ ടോൾ ഫ്രീ നമ്പർ വേണം. തുടർന്നാണ് കർശന നടപടി സംബന്ധിച്ച ഉത്തരവുകളും സർക്കുലറുകളും പുറപ്പെടുവിക്കാൻ നിർദേശിച്ചത്.

ട്രാൻസ്പോർട്ട് കമീഷണറുടെ വിശദീകരണംകൂടി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. തുടർ നടപടികൾ വിശദീകരിക്കാൻ ഈമാസം 28ന് കമീഷണർ വീണ്ടും ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.

ബസ് ഉടമകൾ ഉന്നതരെന്ന് അടക്കംപറച്ചിലുണ്ടല്ലോ !

കൊച്ചി: അപകടകരമായി സർവിസ് നടത്തുന്ന ബസുകളുടെ ഉടമസ്ഥർ പൊലീസുകാരടക്കമുള്ള ഉന്നതരാണെന്ന് അടക്കംപറച്ചിൽ വ്യാപകമാണെന്ന് ഹൈകോടതി. ബസുകൾ അപകടങ്ങളുണ്ടാക്കുകയും നിയമലംഘനങ്ങൾ നടത്തുകയും ചെയ്തിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് അഭിഭാഷകൻ പരാമർശിച്ചപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പ്രതികരണം.

ബസുകളുടെ ഉടമസ്ഥർ ആരെന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ഇന്‍റലിജൻസ് സംവിധാനമില്ലേയെന്നും വാക്കാൽ ചോദിച്ചു. വടക്കഞ്ചേരി ബസ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ റോഡുകൾ സംബന്ധിച്ച കേസാണ് കോടതി പരിഗണിച്ചത്.

ഓവർടേക്കിങ്ങിൽ ഉൾപ്പെടെ ബസുകൾ നഗരത്തിൽ നടത്തുന്ന നിയമലംഘനങ്ങൾ കോടതി ചൂണ്ടിക്കാട്ടി. പൊലീസുകാരുടെ കൺ‍മുന്നിലാണ് ഇത്. ബസുകളുടെ ഓട്ടപ്പാച്ചിൽ കയറൂരിവിട്ടതുപോലെയാണ്. ബസുകൾ തമ്മിലെ മത്സരം നിയന്ത്രിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്.

തൃശൂർ -കുന്നംകുളം, പാലക്കാട് -ഷൊർണൂർ റോഡുകളിലെ മരണപ്പാച്ചിലും കോടതി പരാമർശിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലാണ് പല ബസുകളെന്നും നടപടിയെടുക്കുന്നത് എങ്ങനെയെന്ന് പൊലീസുകാർതന്നെ പറയുന്നുണ്ടെന്നും അഭിഭാഷകൻ അറിയിച്ചപ്പോഴാണ് ഈ അടക്കംപറച്ചിൽ വ്യാപകമാണെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടിയത്.

സ്വിഫ്റ്റ് ബസുകളുടെ വേഗത്തിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: പരമാവധി വേഗപരിധി മണിക്കൂറിൽ 70 കിലോമീറ്ററായിരിക്കെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകളുടെ വേഗത്തിൽ ആശയക്കുഴപ്പം. 110 കിലോമീറ്റർ വേഗത്തിൽ സ്വിഫ്റ്റ് ബസുകൾക്ക് സഞ്ചരിക്കാമെന്ന ഉത്തരവ് പുറത്തുവന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കുന്നത്.

എന്നാൽ ഇത് ജൂലൈയിലെ ഉത്തരവാണെന്നും ഗോവ അടക്കം ദീർഘദൂര സർവിസുകൾ ആരംഭിക്കുമ്പോൾ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന മാർഗനിർദേശമാണെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്.

വാർത്തസമ്മേളനത്തിൽ ഇതിനെക്കുറിച്ച് ഗതാഗത മന്ത്രിയോട് ആരാഞ്ഞപ്പോൾ 'അത് പുനഃപരിശോധിക്കുമെന്നും കൂട്ടിയ തീരുമാനം റദ്ദാക്കേണ്ടി വരു'മെന്നുമായിരുന്നു മറുപടി. അതേസമയം, കെ.എസ്.ആർ.ടി.സിയുടെ സ്കാനിയ അടക്കമുള്ള ബസുകൾക്ക് 97 കിലോമീറ്ററായി വേഗം വർധിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courttourist bus driver
News Summary - High Court against drivers-Strict action is required
Next Story