തെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡം പാലിച്ചിരുന്നെങ്കിൽ രണ്ടാം തരംഗം ഉണ്ടാവില്ലായിരുന്നു –ഹൈകോടതി
text_fieldsകൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ സംസ്ഥാനത്ത് രണ്ടാം തരംഗം ഉണ്ടാവില്ലായിരുന്നെന്ന് ഹൈകോടതി. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുസമയങ്ങളിൽ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി പ്രചാരണം നടത്തിയതാണ് ഇൗ ദുഃസ്ഥിതിക്ക് ഒരുപരിധിവരെ കാരണം. ഇതിെൻറ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ ആരാഞ്ഞു.
വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയപാർട്ടികൾ ആഹ്ലാദപ്രകടനങ്ങളും യോഗങ്ങളും നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി അഡ്വ. ഡോ. കെ.പി. പ്രദീപ് നൽകിയ ഹരജിയിലെ തുടർ നടപടി അവസാനിപ്പിച്ചാണ് ഡിവിഷൻ ബെഞ്ച് സർക്കാറിനെയും തെരഞ്ഞെടുപ്പ് കമീഷനെയും രൂക്ഷമായി വിമർശിച്ചത്.
കോടതി ഉത്തരവനുസരിച്ച് ഈ മാസം ഒന്നുമുതൽ അഞ്ചുവരെ നിയന്ത്രണങ്ങൾ നടപ്പാക്കിയതായി കമീഷനും സർക്കാറും കോടതിയെ അറിയിച്ചു. തുടർന്നാണ് ഡിവിഷൻ ബെഞ്ച് വിമർശനമുന്നയിച്ചത്. പ്രചാരണവേളയിൽ നിയന്ത്രണങ്ങൾ പാലിച്ചെന്ന് സർക്കാർ അഭിഭാഷകൻ അവകാശപ്പെട്ടെങ്കിലും കണ്ണടച്ച് ഇരുട്ടാണെന്ന് പറയരുതെന്നായിരുന്നു കോടതിയുടെ മറുപടി.
പ്രചാരണസമയത്ത് നിയന്ത്രണങ്ങൾ കർശനമാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം നാൽപതിനായിരത്തിന് മുകളിലായി. അനാസ്ഥക്ക് വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്. നിയന്ത്രിച്ചിരുന്നെങ്കിൽ വീണ്ടും ലോക്ഡൗണിലേക്ക് എത്തുമായിരുന്നില്ല. വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടത് കോടതി ഇടപെട്ടതുകൊണ്ടാണ്, സർക്കാർ ഉത്തരവുകൊണ്ടല്ല. ഇനിയെങ്കിലും പ്രോട്ടോേകാൾ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.