ജേക്കബ് തോമസിെൻറ നടപടി പദവിക്ക് യോജിക്കാത്തതെന്ന് ഹൈകോടതി
text_fieldsകൊച്ചി: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിെൻറ നടപടികൾ ഡി.ജി.പി പദവിക്ക് യോജിച്ചതല്ലെന്ന് ഹൈകോടതി. അച്ചടക്കത്തിെൻറ പാഠങ്ങൾ പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെങ്കിലും അദ്ദേഹത്തിെൻറ നടപടികളെ അവജ്ഞയോടെ തള്ളി വിഷയം അവസാനിപ്പിക്കുകയാണെന്നും കോടതി വ്യക്തമാക്കി. പാറ്റൂർ കേസിലെ വിജിലൻസ് എഫ്.െഎ.ആർ റദ്ദാക്കിയ വിധിയിലാണ് കോടതിയുടെ രൂക്ഷവിമർശം.
അധികാരമുണ്ടായിരിക്കുക എന്നതിലല്ല, അത് ഉപയോഗിക്കുന്ന രീതിയിലാണ് മഹത്വം. ആരോപണ വിധേയമായ പാറ്റൂർ ഭൂമിയുടെ സെറ്റില്‍മെൻറ് രജിസ്റ്റര്‍ വ്യാജമായി നിര്‍മിച്ചതാണെന്നാണ് ജേക്കബ് തോമസ് ലോകായുക്തയെ അറിയിച്ചത്. ഇക്കാര്യം വിശദീകരിക്കാന്‍ നേരിട്ട് വിളിച്ചുവരുത്തിയപ്പോള്‍ നിലപാട് മാറ്റി. വിശദീകരണം എഴുതിനല്‍കാന്‍ അവസരം നല്‍കിയെങ്കിലും അതുണ്ടായില്ല.
താനുന്നയിച്ച ആരോപണം തെറ്റാണെന്ന് കോടതി പറയുേമ്പാൾ കേസിലെ പ്രതികളെ സാമൂഹിക മാധ്യമങ്ങളിലൂടെ സ്വഭാവഹത്യ നടത്തിയ നടപടി മര്യാദലംഘനമാണ്. കോടതിയില്‍നിന്ന് അദ്ദേഹം അപ്രത്യക്ഷനായത് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാനായിരുന്നു. അതുകൊണ്ടാണ് കോടതിയില്‍ വിശദീകരണം നല്‍കാതെ ഈ വിഷയത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇൗ കേസുമായി ബന്ധപ്പെട്ട ജേക്കബ് തോമസിെൻറ നടപടികള്‍ കോടതിയലക്ഷ്യമാണ്. നടപടി ആവശ്യവുമാണ്. എങ്കിലും ഇത്തരം നടപടികളെ അവജ്ഞയോടെ പരിഗണിച്ച് വിഷയം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു.
സെറ്റിൽമെൻറ് രജിസ്റ്റർ കെട്ടിച്ചമച്ചതാണോ എന്നതിന് അദ്ദേഹം വിശദീകരണം നൽകിയിട്ടില്ല. തർക്കസ്ഥലം അദ്ദേഹം സന്ദർശിച്ചിട്ടില്ല. എന്നിട്ടും, സർക്കാർ നിയമിച്ച സമിതിയുടെ നേതൃത്വത്തിൽ നടത്തിയ അളവ് നിർണയം തെറ്റാണെന്നാണ് അദ്ദേഹത്തിെൻറ റിപ്പോർട്ട്. തെൻറ ഊഹത്തിൽ തയാറാക്കി ലോകായുക്തയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് കേസെടുത്തത്. ഇത് സുപ്രീംകോടതി വിധികളുടെ ലംഘനമാണ്.
മുന്‍വിധി, മിഥ്യാബോധം, പക്ഷപാതം, മുന്‍നിശ്ചയം എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാൻ പാടില്ല; പ്രത്യേകിച്ചും അഴിമതി തടയല്‍ നിയമപ്രകാരമുള്ള കേസുകള്‍. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പല രേഖകളും കാണാനില്ലെന്നും അദ്ദേഹം പറയുന്നു. സ്ഥലം ഏറ്റെടുക്കൽതന്നെ ഉണ്ടായിട്ടില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖകൾ കാണാനില്ലെന്ന് പറയുന്നതിൽ കഴമ്പിെല്ലന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.