ഡോ. ഷഹനയുടെ ആത്മഹത്യ: പ്രതിക്ക് പഠനം തുടരാൻ ഹൈകോടതിയുടെ അനുമതി
text_fieldsകൊച്ചി: തിരുവനന്തപുരത്ത് യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ സഹപാഠി ഡോ. റുവൈസിന് പഠനം തുടരാമെന്ന് ഹൈകോടതി. പി.ജി വിദ്യാർഥിയായ റുവൈസിനെ പഠനം തുടരാൻ അനുവദിച്ചില്ലെങ്കിൽ അപരിഹാര്യമായ നഷ്ടം വരുത്തുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്‍റെ ഉത്തരവ്. ഒരാഴ്ചക്കകം പ്രവേശനം അനുവദിക്കണം. ഇതിന്റെ പേരിലുണ്ടായേക്കാവുന്ന അനിഷ്ടസംഭവങ്ങൾ തടയാൻ കോളജ് അധികൃതർ മുൻകരുതലെടുക്കണം. റുവൈസിനെ സസ്പെൻഡ് ചെയ്യുകയും പഠനം വിലക്കുകയും ചെയ്ത ആരോഗ്യ സർവകലാശാല ഉത്തരവും സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തു.
ജാമ്യം ലഭിച്ച റുവൈസ് സസ്‌പെൻഷൻ പിൻവലിച്ച് പഠനം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഗുരുതര കുറ്റകൃത്യമാണ് ഇയാൾക്കെതിരെ ഉന്നയിച്ചിട്ടുള്ളതെങ്കിലും തെളിയാത്ത സാഹചര്യത്തിൽ പഠനം തുടരുന്നതിന് തടസ്സമാകില്ലെന്ന് കോടതി വ്യക്തമാക്കി. ക്ലാസിൽ മതിയായ ഹാജരില്ലെങ്കിൽ പരീക്ഷ എഴുതാൻ അനുവദിക്കാനാവില്ലെന്നായിരുന്നു സർവകലാശാലയുടെ വാദം. എന്നാൽ, കുറ്റവാളികൾക്കുപോലും ചില അടിസ്ഥാന അവകാശങ്ങളുണ്ടെന്നും അത് പരിഗണിക്കാതിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഡിസംബർ നാലിനാണ് ഡോ. ഷഹന ജീവനൊടുക്കിയത്. റുവൈസുമായി നിശ്ചയിച്ചിരുന്ന വിവാഹം വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടർന്ന് മുടങ്ങിയതിനാൽ ഷഹന ആത്മഹത്യ ചെയ്തെന്നാണ് കേസ്. ആത്മഹത്യപ്രേരണക്കുറ്റത്തിന് പുറമെ സ്ത്രീധന നിരോധനനിയമ പ്രകാരമുള്ള കുറ്റങ്ങൾകൂടി ചുമത്തിയാണ് റുവൈസിനെതിരെ കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.