വി.സിമാർക്ക് തൽകാലം പദവിയിൽ തുടരാമെന്ന് ഹൈകോടതി
text_fieldsഗവർണർ രാജിയാവശ്യപ്പെട്ട വി.സിമാർക്ക് തൽകാലം പദവിയിൽ തുടരാമെന്ന് ഹൈകോടതി. ചാൻസലറായ ഗവർണർ കാരണംകാണിക്കൽ നോട്ടീസിൽ അനുവദിച്ച സമയപരിധി കഴിയുന്നതുവരെ വി.സിമാർക്ക് പദവിയിൽ തുടരാനുള്ള അനുമതി ഹൈകോടതി നൽകി.
വാദം കേൾക്കുന്ന സമയത്ത് ഗവർണർക്ക് അനുകൂലമായും വി.സിമാർക്ക് പ്രതികൂലമായുമാണ് കോടതി നിലപാടെന്ന് തോന്നിച്ചിരുന്നു. സാങ്കേതിക സർവകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയതായി ഹൈക്കോടതി പറഞ്ഞു. ആ വിധി ബാധകമാണെങ്കിൽ, വിസിമാർക്ക് ഒക്‌ടോബർ 24 വരെ സമയം നൽകിയ ഗവർണർ മാന്യനാണെന്നും ഹൈക്കോടതി പറഞ്ഞു. ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കിൽ അതുവരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകുമെന്നും വിസിമാരോട് ഹൈക്കോടതി ചോദിച്ചു. നിയമന അധികാരി ചാൻസലറാണ്, എന്തുകൊണ്ട് ചാൻസലർക്ക് നടപടിയെടുത്തുകൂടായെന്നും കോടതി ചോദിച്ചു.
നിയമനം അസാധുവാണെന്ന് ചാൻസലർക്ക് തോന്നിയാൽ, നിങ്ങളെ നീക്കം ചെയ്യാൻ അദ്ദേഹത്തിന് അധികാരമുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അതിനുള്ള അധികാരമില്ലെന്ന് വിസിമാർ മറുപടി നൽകി. അഡ്മിനിസ്ട്രേറ്റീവ് നിയമത്തിൽ, സാധുവായ ഉത്തരവുകളൊന്നുമില്ല. ഒന്നുകില്‍ നിയമനം ചോദ്യം ചെയ്യപ്പെടണം. അല്ലെങ്കില്‍ കോടതി ഇടപെടണം. നിയമപ്രകാരം മാത്രമേ ചാൻസലർക്ക് നടപടി എടുക്കാൻ സാധിക്കൂ. അല്ലാതെ നീക്കം ചെയ്യാനാകില്ലെന്നും വിസിമാർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ എന്തിനു കക്ഷിയാക്കിയതെന്ന് കോടതി ചോദിച്ചപ്പോൾ ആരുടെയും പക്ഷംപിടിക്കുന്നില്ലെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു.
ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ് ചേർന്നാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്. തൽസ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിസിമാര്‍ ഹർജി നൽകിയത്. രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗവർണർ നൽകിയ നോട്ടിസ് നിയമപരമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും വിസിമാർ നൽകിയ ഹർജിയിൽ പറയുന്നു. ''രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗവർണറുടെ നോട്ടിസ് സ്റ്റേ ചെയ്യണം. ഗവർണറുടെ നിർദേശത്തിന് ആധാരമായ രേഖകൾ വിളിച്ചുവരുത്തണം. വിസിമാരുടെ പ്രവർത്തനങ്ങളിൽ ഗവർണർ ഇടപെടുന്നത് തടയണം. വിസിമാരുടെ രാജി ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കണം''– ഇങ്ങിനെയാണ് വി.സിമാരുടെ ഹരജിയിലെ ആവശ്യം.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്), എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് ഉടനെ രാജിവയ്ക്കണമെന്ന് ഗവർണർ ഉത്തരവിട്ടത്.
സാങ്കേതിക സർവകലാശാല വിസി ഡോ. എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ ചുവടു പിടിച്ചായിരുന്നു ഗവർണറുടെ ഉത്തരവ്. സാങ്കേതിക സർവകലാശാലയ്ക്കു പുറമേ 5 സർവകലാശാലകളിലെ വിസിമാരെയും നിയമിച്ചത് പാനൽ ഇല്ലാതെയാണ്. മറ്റുള്ളവരുടെ നിയമനത്തിന് പാനൽ ഉണ്ടായിരുന്നെങ്കിലും സേർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ മാത്രമേ പാടുള്ളൂ എന്ന നിബന്ധന ലംഘിക്കപ്പെട്ടതായി ഗവർണറുടെ ഉത്തരവിൽ പറയുന്നു.
എന്നാൽ, രാജി വയ്ക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം ഒന്‍പത് വിസിമാര്‍ തള്ളിയിരുന്നു. ഒൻപതുപേരും രാജിവച്ചില്ല. എന്നാൽ ആറു വിസിമാർ നിയമനടപടി സ്വീകരിക്കുമെന്ന് ഗവർണർക്ക് രേഖാമൂലം മറുപടി നൽകി. എംജി, കുഫേസ്, കെടിയു ഒഴികെയുള്ള വിസിമാരാണ് മറുപടി നൽകിയത്. ഗവര്‍ണറുടെ നിർദേശത്തിന് മറുപടി നല്‍കാന്‍ നിയമവിദഗ്ധരെ കാണാൻ എംജി, കാലിക്കറ്റ്, കണ്ണൂര്‍ വിസിമാർ കൊച്ചിയിലെത്തിയിരുന്നു.
വാദങ്ങൾ മുഴുവൻ കേട്ട കോടതി വി.സിമാർക്ക് പദവിയിൽ തുടരാൻ അനുവാദം നൽകുകയായിരുന്നു. രാജിവെക്കനുള്ള ഉത്തരവ് പാലിക്കാത്ത വി.സിമാർക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് മറുപടി നൽകാൻ പത്തുദിവസത്തെ സമയമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.