Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right50 കഴിഞ്ഞ സ്ത്രീക്ക്​...

50 കഴിഞ്ഞ സ്ത്രീക്ക്​ വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി നൽകി ഹൈകോടതി

text_fields
bookmark_border
Surrogacy
cancel

കൊച്ചി: 50 കഴിഞ്ഞ സ്ത്രീക്ക്​ വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി നൽകി ഹൈകോടതി. കുഞ്ഞിനെ ആഗ്രഹിക്കുന്ന ദമ്പതികളിൽ സ്ത്രീക്ക്​​ 23നും 50നും ഇടയിലായിരിക്കണം പ്രായമെന്ന നിയമത്തെ തുടർന്ന്​ വാടക ഗർഭധാരണത്തിന്​ അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച്​ ഉത്തരവ്​ തള്ളിയാണ്​ ചീഫ്​ ജസ്റ്റിസ്​ നിതിൻ ജാംദാർ, ജസ്റ്റിസ്​ എസ്​. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ​ബെഞ്ചിന്‍റെ ഉത്തരവ്​. ഒരാഴ്ചക്കകം ഇവർക്ക്​ യോഗ്യത സർട്ടിഫിക്കറ്റ്​​ നൽകാൻ കേരള അസിസ്റ്റഡ്​ റീ പ്രൊഡക്ടിവ്​ ടെക്​നോളജി ആൻഡ്​ സറോഗസി ബോർഡിന്​ കോടതി നിർദേശം നൽകി.

തൃശൂർ സ്വദേശികളായ ദമ്പതികൾക്ക്​ കുട്ടികളില്ലാതിരുന്നതിനെത്തുടർന്ന്​ പല ചികിത്സകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. സ്ത്രീ എൻഡോമെട്രിയോസിസ് രോഗബാധിതയായതിനാൽ ഗർഭധാരണം സാധ്യമല്ല. തുടർന്നാണ്​ ഇരുവരും ഗർഭപാത്രം വാടകക്ക്​ നൽകാൻ തയാറായ യുവതിയുമായി ബോർഡിന്‍റെ അനുമതി തേടിയത്​. എന്നാൽ, സ്കൂൾ രേഖ പ്രകാരം 1974 ജൂൺ 21 ആണ്​ ഹരജിക്കാരിയുടെ ജനനമെന്നതിനാൽ 50 വയസ്സ്​​ കഴിഞ്ഞെന്ന്​ വിലയിരുത്തി ബോർഡ്​ അനുമതി നിഷേധിച്ചു.

ജനനം 1978 ജൂൺ 21 ആയി രേഖപ്പെടുത്തിയിട്ടുള്ള ആധാർ, പാസ്​പോർട്ട്​, ഡ്രൈവിങ്​ ലൈസൻസ്​ തുടങ്ങിയവ ബോർഡ്​ പരിഗണിച്ചില്ല. തുടർന്ന്,​ ഹൈകോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചു. മറ്റ്​ രേഖകളും ആധികാരിമായി പരിശോധിക്കാമെന്നും സ്കൂൾ രേഖകളിൽ തെറ്റ്​ സംഭവിച്ചതാണെന്നുമുള്ള വാദങ്ങൾ ഹരജിക്കാരി ഉയർത്തിയെങ്കിലും സിംഗിൾ ബെഞ്ച്​ ഹരജി തള്ളി. തുടർന്ന്​ അപ്പീൽ ഹരജിയുമായാണ്​ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്​.

സ്കൂൾരേഖക്ക്​ പകരം മറ്റ്​ ആധികാരിക രേഖകൾ പരിശോധിച്ച്​ അനുമതി നൽകണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. സ്കൂൾ രേഖ പ്രകാരമാണെങ്കിൽപോലും ഇപ്പോൾ 50 വയസ്സെന്ന പരിധിക്കകത്താണ്​ താനെന്നും അനുമതി നൽകുന്നതിൽ തെറ്റില്ലെന്നുമുള്ള വാദവും ഉയർത്തി. സ്കൂൾ രേഖ തന്നെയാണ്​ ഡിവിഷൻ ബെഞ്ചും ആധികാരികമായി സ്വീകരിച്ചത്​. ഹരജിക്കാരിയു​ടെ 50ാം ജന്മദിനം കഴിഞ്ഞെങ്കിലും 51​ ആയിട്ടി​ല്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

51 ആകുന്നതിന്​ മുമ്പുള്ള മുഴുവൻ കാലയളവും ഉൾപ്പെടുന്നതാണ്​ 50 വയസ്സെന്ന പരിധിയെന്ന്​ കണക്കാക്കാം. ഈ സാഹചര്യത്തിൽ ഹരജിക്കാരിയുടെ ആവശ്യം അനുവദിക്കാവുന്നതാണെന്ന്​ കോടതി വ്യക്തമാക്കി. തുടർന്നാണ്​ സിംഗിൾ ബെഞ്ച്​ ഉത്തരവ്​ റദ്ദാക്കി ഒരാഴ്ചക്കകം സർട്ടിഫിക്കറ്റ്​ നൽകാൻ ഡിവിഷൻ ബെഞ്ച്​ നിർദേശിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surrogacyhigh courtWomans
News Summary - High Court allows woman over 50 to become a mother through surrogacy
Next Story
RADO