കെ.ഇ.ആർ ബാധകമല്ലാത്ത സ്കൂളുകളിൽ അവധിക്കാല ക്ലാസിന് ഹൈകോടതി അനുമതി
text_fieldsകൊച്ചി: കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) ബാധകമല്ലാത്ത സ്കൂളുകളിലെ 10, 12 ക്ലാസ് വിദ്യാർഥികൾക്കായി രാവിലെ 7.30 മുതൽ 10.30 വരെ അവധിക്കാല ക്ലാസ് നടത്താമെന്ന് ഹൈകോടതി. അവധിക്കാല ക്ലാസുകളുമായി ബന്ധപ്പെട്ട ഭരണപരമായ ഉത്തരവിന് വിധേയമായിരിക്കും ഈ അനുമതിയെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം എന്നിവരടങ്ങുന്ന ഡിവിൻ ബെഞ്ച് വ്യക്തമാക്കി.
കെ.ഇ.ആർ ബാധകമല്ലാത്ത സ്കൂളുകളിൽ കെ.ഇ.ആർ പ്രകാരം അവധിക്കാലം ക്രമീകരിക്കാൻ സർക്കാറിന് അധികാരമില്ല. അതേസമയം, സംസ്ഥാന സിലബസ് പ്രകാരം കെ.ഇ.ആർ കലണ്ടർ അനുസരിച്ച് പ്രവർത്തിക്കുന്ന സ്കൂളുകൾ ചട്ടപ്രകാരം പ്രവർത്തിക്കാതിരുന്നാൽ ബന്ധപ്പെട്ട മാനേജർമാർക്കെതിരെ നടപടി സ്വീകരിക്കാം.
കെ.ഇ.ആർ പ്രകാരവും സി.ബി.എസ്.ഇ അടക്കം മറ്റ് കലണ്ടറുകൾ പ്രകാരവും പ്രവർത്തിക്കുന്ന സ്കൂളുകൾ അവധിക്കാല ക്ലാസുകൾക്ക് അനുമതി തേടി നൽകിയ ഹരജികൾ തീർപ്പാക്കിയാണ് കോടതി ഉത്തരവ്. അവധിക്കാലത്ത് ക്ലാസുകൾ പാടില്ലെന്ന് 2023ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതിനാൽ തങ്ങൾക്ക് മേയിൽ ക്ലാസ് ആരംഭിക്കാനാവില്ലെന്ന് കാണിച്ചായിരുന്നു ഹരജിക്കാർ കോടതിയെ സമീപിച്ചത്.
പരീക്ഷക്ക് തയാറെടുക്കാൻ നവംബറിൽ ക്ലാസുകൾ അവസാനിപ്പിക്കേണ്ടതുണ്ട്. എന്നാൽ, ഒട്ടേറെ അവധി ദിവസങ്ങളുള്ളതിനാൽ മതിയായ അധ്യയന ദിവസങ്ങൾ ലഭിക്കാറില്ല. ഈ സാഹചര്യത്തിൽ അവധിക്കാലത്തും ക്ലാസിന് അനുമതി നൽകണമെന്നായിരുന്നു ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.