കൊച്ചിയിലെ ബസ്സപകടം: ഡ്രൈവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: റോഡിൽ ഇനിയൊരു ജീവൻ പൊലിയാതിരിക്കാൻ പൊലീസ് കർശന നടപടിയെടുക്കണമെന്ന് ഹൈകോടതി. ആളെ കൊന്നതിന് നടപടിയെടുത്താൽ സമരം ചെയ്യുമെന്ന ഭീഷണി ആരെ പേടിപ്പിക്കാനാണെന്നും ഇത്തരം ഭീഷണികൾ അനുവദിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. എറണാകുളം മാധവ ഫാർമസി ജങ്ഷനിൽ വെള്ളിയാഴ്ച രാവിലെ ബൈക്ക് യാത്രക്കാരൻ സ്വകാര്യ ബസിനടിയിൽപെട്ടു മരിച്ച സംഭവത്തിൽ സ്വമേധയ പരിഗണിച്ച ഹരജിയിലാണ് ഹൈകോടതി ഇടപെടൽ.
വെള്ളിയാഴ്ച രാവിലെ 8.15നുണ്ടായ അപകടത്തിൽ വൈപ്പിൻ കർത്തേടം കല്ലുവീട്ടിൽ ആന്റണിയാണ് മരിച്ചത്. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹരജികളിൽ ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയാണ് അപകടവിവരം ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് കൊച്ചി ഡി.സി.പി എസ്. ശശിധരൻ നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു. അപകടത്തിന്റെ സി.സി ടി.വി ദൃശ്യം കണ്ട സിംഗിൾ ബെഞ്ച്, ഉച്ചക്കുശേഷം കേസ് പരിഗണിച്ചപ്പോൾ അമിത വേഗത്തിൽ അശ്രദ്ധയോടെയാണ് ബസ് ഓടിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പറഞ്ഞു. ഡ്രൈവർക്കെതിരെ കർശന നടപടിയെടുക്കാൻ കോടതിയിൽ ഹാജരായിരുന്ന ഡി.സി.പിക്ക് നിർദേശവും നൽകി.
24 മണിക്കൂറിനകം നടപടികൾ തുടങ്ങണം. ട്രാഫിക് ഡ്യൂട്ടിയിലുള്ളവർ അമിതവേഗം നിയന്ത്രിക്കാൻ നടപടിയെടുക്കണം. റോഡിൽ കാൽനടക്കാർക്കാണ് മുൻഗണന. വലിയ വാഹനങ്ങൾക്ക് ഏറ്റവും അവസാന പരിഗണനയേയുള്ളൂ. സമയക്രമത്തിന്റെ പേരിൽ സ്വകാര്യ ബസുകൾക്ക് ഇതു ലംഘിക്കാനാവില്ല. അമിത വേഗത്തെക്കുറിച്ച് പരാതി ലഭിച്ചാൽ ഉടൻ നടപടി വേണമെന്നും കോടതി നിർദേശിച്ചു.
ട്രാഫിക് ലംഘനത്തിന്റെ പേരിൽ നടപടിയെടുത്താൽ സമരം ചെയ്യുമെന്നാണ് സ്വകാര്യ ബസ് ജീവനക്കാരുടെ യൂനിയനുകൾ ഭീഷണിപ്പെടുത്തുന്നതെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. ആളുകളെ കൊന്നിട്ട് സമരം ചെയ്യുമെന്ന് പേടിപ്പിച്ചാൽ അത് അനുവദിക്കരുതെന്ന് കോടതി വാക്കാൽ പറഞ്ഞു. സമരം ചെയ്യുന്നെങ്കിൽ ചെയ്യട്ടെ. ആരെയാണ് അവർ പേടിപ്പിക്കുന്നത്. കേരളത്തിൽ വാഹനാപകടങ്ങൾ വളരെ കൂടുതലാണ്. ഡ്രൈവർമാർ നിയമം പാലിച്ചിരുന്നെങ്കിൽ അപകടങ്ങൾ കുറക്കാനാകുമായിരുന്നു. വെള്ളിയാഴ്ചത്തെ അപകടത്തിന് ഉത്തരവാദിയായ ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ച കോടതി, ഹരജി ഫെബ്രുവരി 23ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.