കുറുവ ദ്വീപിലെ നിർമാണപ്രവർത്തനങ്ങൾക്ക് ഹൈകോടതി വിലക്ക്
text_fieldsകൊച്ചി: വയനാട്ടിലെ കുറുവ ദ്വീപിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി അനുവദിച്ച നിർമാണ പ്രവർത്തനങ്ങൾ ഹൈകോടതി തടഞ്ഞു. മൃഗങ്ങൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള ഹരജിയിലാണ് നിർമാണത്തിന് അനുമതി നൽകിയ സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് തടഞ്ഞത്.
കുറുവ ദ്വീപിൽ രണ്ടു കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത് അഭിഭാഷകൻ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നായിരുന്നു കോടതി ഇടപെടൽ. കോടതിയുടെ തുടർ ഉത്തരവില്ലാതെ നിർമാണപ്രവർത്തനങ്ങൾ പാടില്ല. ഇത്തരമൊരു അനുമതിക്ക് ഇടയാക്കിയ സാഹചര്യം സംബന്ധിച്ച് അഡീ. അഡ്വക്കറ്റ് ജനറൽ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.
ഇടുക്കിയിൽ ആന സവാരി കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇടുക്കി ജില്ല കലക്ടറോട് കോടതി വിശദീകരണം തേടി. നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങളും അറിയിക്കണം. സംസ്ഥാനത്താകെ 36 അനധികൃത ആന സവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
മൂന്നാറിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിലേക്ക് കാട്ടാനകൾ കടന്നെത്തുന്നത് തടയാൻ അടിയന്തരമായി വേലി നിർമിക്കണമെന്ന് അമിക്കസ് ക്യൂറി അറിയിച്ചെങ്കിലും ഇതിനുള്ള ഫണ്ടില്ലെന്നായിരുന്നു പഞ്ചായത്തിന്റെ മറുപടി. ഇതുമായി ബന്ധപ്പെട്ട് സർക്കാറിന് എന്ത് ചെയ്യാനാവുമെന്ന് അറിയിക്കാൻ തുടർന്ന് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.