തേക്കിൻകാട് മൈതാനത്ത് പാർട്ടി കൊടികളും പരസ്യബോർഡുകളും വിലക്കി ഹൈകോടതി
text_fieldsകൊച്ചി: തൃശൂർ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പാർട്ടികളുടെ കൊടികളും പരസ്യബോർഡുകളും ഹോർഡിങ്ങുകളും സ്ഥാപിക്കുന്നതിന് ഹൈകോടതിയുടെ വിലക്ക്.
തൃശൂർ നഗരസഭ പരിധിയിലെ നടപ്പാതകളിൽ കാൽനടക്കാർക്ക് ഭീഷണിയാകുന്ന പരസ്യബോർഡുകൾ, ഹോർഡിങ്ങുകൾ, താൽക്കാലിക നിർമിതികൾ എന്നിവ സ്ഥാപിക്കുന്നില്ലെന്ന് നഗരസഭ സെക്രട്ടറി ഉറപ്പുവരുത്തണം. മൈതാനത്തിന് ചുറ്റുമുള്ള പൊതുറോഡുകളുടെ നടപ്പാതകളിൽ വടക്കുംനാഥ ക്ഷേത്രത്തിലെ വാർഷികോത്സവം, മതപരമായ ചടങ്ങുകൾ തുടങ്ങിയവയുടെ ബോർഡുകളോ ഹോർഡിങ്ങുകളോ സ്ഥാപിക്കുന്നില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
വടക്കുംനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾക്കോ പൂരം പ്രദർശനത്തിനോ അല്ലാതെ തേക്കിൻകാട് മൈതാനത്ത് എന്തെങ്കിലും പരിപാടി നടത്തണമെങ്കിൽ ഹൈകോടതിയുടെ പ്രത്യേക അനുമതി വാങ്ങുക, മൈതാനം പ്ലാസ്റ്റിക് നിരോധിത മേഖലയായി സൂക്ഷിക്കുക, കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സരാഘോഷ ഭാഗമായി നടത്തിയതുപോലുള്ള റോക് ബാൻഡുകളുടെ സംഗീത പരിപാടികൾ പാടില്ല, മൈതാനവുമായി ബന്ധപ്പെട്ട് ഹൈകോടതി നൽകുന്ന ഉത്തരവുകൾ ബോർഡ് ഉദ്യോഗസ്ഥർ കർശനമായി പാലിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
തേക്കിൻകാട് മൈതാനത്ത് രാത്രി പാർക്കിങ് അനുവദിക്കരുതെന്നും മാലിന്യം തള്ളുന്നത് തടയണമെന്നും ആവശ്യപ്പെട്ട് തൃശിവപേരൂർ വടക്കുംനാഥൻ ദേവസ്ഥാനം ട്രസ്റ്റ് സെക്രട്ടറി കെ.ബി. സുമോദ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.