കാമ്പസുകളിൽ ഇനി ചോര വീഴരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: രാഷ്ട്രീയത്തിെൻറ പേരിൽ കാമ്പസുകളിൽ ജീവൻ പൊലിയുന്നത് ഇനി അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. വിദ്യാഭ്യാസം നൽകലും വിജ്ഞാനം പകരലുമാണ് കാമ്പസുകളുടെ ലക്ഷ്യം. വിദ്യാർഥികൾക്ക് രാഷ്ട്രീയ കാഴ്ചപ്പാടുണ്ടാകുന്നത് തെറ്റല്ലെങ്കിലും അത് മറ്റുള്ളവർക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് പ്രശ്നമാണ്. ബലപ്രയോഗത്തിലൂെടയുള്ള ആശയ പ്രചാരണമാണിത്. രാഷ്ട്രീയ പാർട്ടികളുടെ അത്തരം പ്രവർത്തനങ്ങൾ വിദ്യാർഥി രാഷ്ട്രീയത്തിലേക്ക് കലർത്തുന്നത് അനുവദിക്കാനാവില്ല. കാമ്പസ് രാഷ്ട്രീയം നിരോധിക്കാൻ നടപടി ആവശ്യപ്പെട്ട് ചെങ്ങന്നൂർ സ്വദേശി എൽ.എസ്. അജോയ് നൽകിയ ഹരജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിെൻറ പരാമർശം.
കാമ്പസ് രാഷ്ട്രീയം വേണ്ടെന്ന മുൻ കോടതി ഉത്തരവുകൾ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും വിദ്യാഭ്യാസ വകുപ്പിനും ഡി.ജി.പിക്കും നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന മുൻ ഉത്തരവുകള്‍ പാലിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചതിനാലാവാം മഹാരാജാസ് കോളജില്‍ ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. അഭിമന്യുവിെൻറ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല. െതരഞ്ഞെടുപ്പ് കാലത്ത് കോളജുകളില്‍ അക്രമം നിത്യസംഭവമാണെങ്കിലും ഇതു ദാരുണമായിപ്പോയി.
സ്വകാര്യ കോളജുകളിലെ അക്രമം സംബന്ധിച്ച് ഹരജികള്‍ സ്ഥിരമായി വരുന്നുണ്ട്. സ്വകാര്യ കോളജുകളാണ് ഇത്തരം ഹരജികളുമായി കൂടുതൽ എത്താറുള്ളത്. ഇപ്പോള്‍ സര്‍ക്കാര്‍ കോളജിലാണ് അക്രമം നടന്നത്. ചില കോളജുകളില്‍ രാഷ്ട്രീയ പാർട്ടികളുടെ ഒാഫിസുകളും പ്രവർത്തിക്കുന്നതായി ആേക്ഷപമുണ്ട്. അടിയന്തര പരിഹാരം കാണേണ്ട ഗൗരവമുള്ള വിഷയമാണിത്. 2009ലുൾപ്പെടെ കലാലയ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹൈകോടതി ഉത്തരവുണ്ട്.
കാമ്പസ് രാഷ്ട്രീയം നിയന്ത്രിക്കണമെന്ന കോടതി വിധികള്‍ ഏറെയുണ്ടായെങ്കിലും നടപ്പാക്കാൻ സര്‍ക്കാര്‍ മതിയായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാണ്. രാഷ്ട്രീയത്തിെൻറ പേരില്‍ കൊല്ലുന്ന സാഹചര്യം ഇല്ലാതാക്കണം. അഭിമന്യുവിെൻറ കൊലപാതകം സമൂഹത്തെ ഉണര്‍ത്തുന്ന സംഭവമായി മാറണം. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ എന്ത് ഉറപ്പിലാണ് കോളജില്‍ പഠിക്കാനെത്തുകയെന്ന് കോടതി ചോദിച്ചു. കാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സ്വീകരിച്ചതും സ്വീകരിക്കുന്നതുമായ നടപടികള്‍ വ്യക്തമാക്കി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമര്‍പ്പിക്കാൻ കോടതി സർക്കാറിനോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.