പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സർക്കാർ നടപടി ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: ‘നോൺ വൂവൺ’ വിഭാഗത്തിലുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് വിലക്കേർപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവുകൾ ഹൈകോടതി റദ്ദാക്കി. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഗുരുതര മലിനീകരണ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിന്‍റെ പട്ടികയിൽപെടുത്തി നോൺ വൂവൺ കാരി ബാഗുകൾ നിരോധിച്ച സർക്കാർ ഉത്തരവുകൾ ചോദ്യം ചെയ്ത് പെരുമ്പാവൂർ സ്വദേശി നിബു കാസിം അടക്കം നിർമാതാക്കൾ നൽകിയ ഹരജികളിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ വിധി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പുറപ്പെടുവിച്ച സർക്കുലറും ഹരജിയിൽ ചോദ്യം ചെയ്തിരുന്നു.
കേന്ദ്ര സർക്കാറിന്റെ 2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടത്തിൽ 60 ജി.എസ്.എമ്മിൽ (ഗ്രാം പെർ സ്ക്വയർ മീറ്റർ) താഴെ കനമുള്ള നോൺ വൂവൺ കാരി ബാഗുകൾക്കാണ് നിരോധനമെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഇതനുസരിച്ച് പല സംസ്ഥാനങ്ങളും 60 ജി.എസ്.എമ്മിൽ താഴെയുള്ള നോൺ വൂവൺ കാരി ബാഗുകളാണ് നിരോധിച്ചത്. ശസ്ത്രക്രിയ സമയത്ത് ഡോക്ടർമാരും രോഗികളും ധരിക്കുന്ന വസ്ത്രങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുവാണ് ഈ ബാഗുകളുടെ നിർമാണത്തിനും ഉപയോഗിക്കുന്നത്. ഇതു ജൈവ മാലിന്യമായതിനാൽ പുനരുപയോഗിക്കാനാവും. വസ്ത്രവ്യാപാര ശാലകളിലും മറ്റും ഇത്തരം കാരിബാഗുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ, കേരളത്തിൽ നോൺ വൂവൺ ബാഗുകൾ പൂർണമായി നിരോധിക്കുകയായിരുന്നു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഇതനുസരിച്ച് 2022 ജൂൺ 24ന് സർക്കുലർ ഇറക്കി. ഒറ്റത്തവണ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ കൂട്ടത്തിൽ നോൺ വൂവൺ ബാഗുകളെ ഉൾപ്പെടുത്തിയത് നിയമവിരുദ്ധവും തൊഴിലെടുത്തു ജീവിക്കാൻ ഭരണഘടന നൽകുന്ന അവകാശത്തിന്റെ ലംഘനവുമാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ചട്ടരൂപവത്കരണത്തിനുള്ള അധികാരമുപയോഗിച്ച് കേന്ദ്രസർക്കാർ നോൺ വൂവൺ ബാഗ് നിർമാണത്തിന് മിനിമം നിലവാരം നിഷ്കർഷിച്ചശേഷം സംസ്ഥാന സർക്കാർ വ്യത്യസ്ത നിലവാരം നിശ്ചയിക്കുന്ന നടപടി നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
ഒഡിഷ, പുതുച്ചേരി, ഹരിയാന, ഡൽഹി തുടങ്ങിയ പല സംസ്ഥാനങ്ങളും ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെങ്കിലും 60ഓ അതിനു മുകളിലോ ജി.എസ്.എം കനമുള്ള നോൺ വൂവൺ ബാഗുകളെ ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. ജി.എസ്.എം നിലവാരം പരിഗണിക്കാതെയും കേന്ദ്ര സർക്കാറിന്‍റെ ചട്ടം ലംഘിച്ചും ഇത്തരം ബാഗുകളെ പൂർണമായും ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിൽ ഉൾപ്പെടുത്തിയത് നിയമവിരുദ്ധവും സ്വേച്ഛാപരവുമായ നടപടിയാണെന്ന് കോടതി വിലയിരുത്തി.
തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട് 2019 നവംബർ 27നും ഡിസംബർ 17നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളും മലിനീകരണ നിയന്ത്രണ ബോർഡിന്റെ തുടർ സർക്കുലറും റദ്ദാക്കിയത്. 60 ജി.എസ്.എമ്മിനു മുകളിലുള്ള നോൺ വൂവൺ ബാഗുകളുടെ നിർമാണം, വിതരണം, വിൽപന എന്നിവ അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.