എസ്.പി സുജിത്ദാസ് ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പരാതി: കേസെടുക്കാനുള്ള ഉത്തരവ് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസ് ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവും ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിർദേശിച്ച് പൊന്നാനി മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവും ഹൈകോടതി റദ്ദാക്കി. പൊന്നാനി സ്വദേശിനി നൽകിയ പരാതി മജിസ്ട്രേറ്റ് കോടതി നിയമപ്രകാരം വീണ്ടും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ആരോപണ വിധേയനായ മുൻ പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്.
വീട്ടമ്മയുടെ പരാതിയിൽ 10 ദിവസത്തിനകം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിയമപരമായ തീരുമാനമെടുക്കണമെന്നായിരുന്നു ഒക്ടോബർ 18ലെ സിംഗിൾ ബെഞ്ച് ഉത്തരവ്. തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് പൊന്നാനി പൊലീസിന് ഒക്ടോബർ 24ന് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകുകയും ചെയ്തു.
എന്നാൽ, നടപടിക്രമത്തിലെ അപാകതമൂലം സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്നും മജിസ്ട്രേറ്റ് കോടതി ഉത്തരവ് മനസ്സിരുത്തിയുള്ളതല്ലെന്നും വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വീടിന്റെ അവകാശ തർക്കത്തിന് പരിഹാരം തേടി ചെന്ന തന്നെ എസ്.പി, ഡിവൈ.എസ്.പി, സി.ഐ എന്നിവർ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയും തുടർ നടപടികളുമാണ് സിംഗിൾ ബെഞ്ചിന്റെയും ഡിവിഷൻ ബെഞ്ചിന്റെയും പരിഗണനക്കെത്തിയത്. 2022 ആഗസ്റ്റ് 20ന് സ്ത്രീ പരാതി നൽകിയിട്ടും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതി നിലനിൽക്കെയാണ് പരാതിക്കാരി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 175(4) വകുപ്പുപ്രകാരം കൃത്യനിർവഹണത്തിനിടയിലെ കുറ്റകൃത്യമെന്ന നിലയിൽ അന്വേഷണത്തിന് ഉത്തരവിടും മുമ്പ് മജിസ്ട്രേറ്റ് കോടതി തൃശൂർ ഡി.ഐ.ജിയുടെ റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ, മലപ്പുറം എ.എസ്.പിയുടെയും മജിസ്ട്രേറ്റിന്റെയും റിപ്പോർട്ട് തേടിയശേഷം 175(4) വകുപ്പ് നിർബന്ധമല്ലെന്ന് നിരീക്ഷിച്ചാണ് 10 ദിവസത്തിനകം ഉത്തരവിടാൻ സിംഗിൾ ബെഞ്ച് മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകിയത്.
തന്നെ കേൾക്കാതെയാണ് ഉത്തരവുകളുണ്ടായതെന്നായിരുന്നു ഹരജിക്കാരന്റെ വാദം. കുറ്റകൃത്യം ഡ്യൂട്ടിക്കിടയിലല്ല നടന്നതെന്ന് പരാതിയിൽനിന്ന് വ്യക്തമായതിനാൽ 175(4) വകുപ്പ് ആവശ്യമില്ലെന്ന സിംഗിൾ ബെഞ്ച് കണ്ടെത്തലിൽ തെറ്റില്ലെന്നായിരുന്നു പരാതിക്കാരുടെ വാദം. 10 ദിവസത്തിനകം കേസ് തീർപ്പാക്കാൻ മാത്രമാണ് സിംഗിൾ ബെഞ്ച് നിർദേശിച്ചത്. അതിനാൽ, മജിസ്ട്രേറ്റ് ഉത്തരവ് സ്വതന്ത്രമാണ്. മജിസ്ട്രേറ്റ് കോടതി ഉത്തരവിൽ എതിർപ്പുണ്ടെങ്കിൽ അതിനെതിരെയാണ് നിയമ നടപടി സ്വീകരിക്കേണ്ടിയിരുന്നതെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. മജിസ്ട്രേറ്റിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും വേഗത്തിലുള്ള നടപടിയാണുണ്ടായതെന്നും ഗവ. സ്പെഷൽ പ്ലീഡറും അറിയിച്ചു.
മേലുദ്യോഗസ്ഥരുടെ റിപ്പോർട്ട് തേടിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്യാതെ പരാതിക്കാർ നേരിട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നെന്ന ഹരജിക്കാരന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സംഗിൾ ബെഞ്ചിന്റെ ഭാഗത്തുനിന്ന് നടപടിക്രമത്തിൽ അപാകത സംഭവിച്ചിട്ടുണ്ട്. മജിസ്ട്രേറ്റിന്റെ റിപ്പോർട്ട് വിളിച്ചുവരുത്തിയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഉത്തരവ് അതേദിവസം തന്നെ മെയിൽ ചെയ്യാനും നിർദേശിച്ചു. അതിനാൽ, മജിസ്ട്രേറ്റിന് ഒക്ടോബർ 24ന് ഉത്തരവിറക്കേണ്ടി വന്ന സാഹചര്യം കാണാതിരിക്കാനാവില്ല. മുൻ ഉത്തരവ് ചോദ്യം ചെയ്ത് ഹരജിയുണ്ടായിരുന്നില്ല. റദ്ദാക്കിയിട്ടുമില്ല. എന്നിട്ടും സിംഗിൾ ബെഞ്ച് ഉത്തരവിനെത്തുടർന്ന് നേരത്തേ സ്വീകരിച്ച നടപടി ക്രമങ്ങളിലും ഉത്തരവിലും മജിസ്ട്രേറ്റിന് മാറ്റം വരുത്തേണ്ടി വന്നു. അതിനാൽ, മജിസ്ട്രേറ്റ് കോടതി ഉത്തരവ് സാധാരണ നടപടിക്രമങ്ങളിലൂടെ ഉണ്ടായതാണെന്ന് കരുതാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.