പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകന്‍റെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: ഇടുക്കി നെടുങ്കണ്ടത്ത് പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകന് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവു ശിക്ഷ ഹൈകോടതി റദ്ദാക്കി. നെടുങ്കണ്ടം സ്വദേശി എബ്രഹാമിന്റെ (ജോസ്) അപ്പീൽ അനുവദിച്ചാണ് ഉത്തരവ്.
പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയായിരുന്നു സെഷൻസ് കോടതി വിധിയെങ്കിലും മതിയായ തെളിവില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
എബ്രഹാമിന്‍റെ പിതാവ് സക്കറിയയെ 2013 നവംബർ 16 ന് വീടിന് സമീപം മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയിരുന്നു. വീട്ടുകാരിൽ നിന്ന് അകന്ന് മറ്റൊരു വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ 20 ഓളം മുറിവുകളുണ്ടെന്ന് കണ്ടെത്തി.
സക്കറിയയുടെ സഹോദരങ്ങളുടെ മൊഴിയടക്കം കണക്കിലെടുത്താണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദൃക്സാക്ഷിയില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ ശിക്ഷിച്ചത്. എന്നാൽ തെളിവുകൾ ശരിയായി വിലയിരുത്താതെയാണ് പ്രതിയെ വിചാരണക്കോടതി കുറ്റക്കാരനായി കണ്ടെത്തിയതെന്ന് പ്രതിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ പി.വിജയഭാനു വാദിച്ചു.
ഇത് കണക്കിലെടുത്ത കോടതി പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷാവിധി റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.