ജഡ്ജി നിയമനം: ഹൈകോടതി കൊളീജിയം ശിപാർശ പുറത്ത്
text_fieldsകൊച്ചി: ഹൈകോടതി ജഡ്ജി നിയമനത്തിനായി സുപ്രീംകോടതി കൊളീജിയത്തിന് ഹൈകോടതി കൊളീജിയം ശിപാർശചെയ്ത അഭിഭാഷകരുടെ പേരുവിവരങ്ങളടങ്ങിയ രേഖ ചോർന്നു. ഹൈകോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ കൊളീജിയം ശിപാർശ പുറത്തുവരുന്നത്. കൊളീജിയം അംഗങ്ങളായ ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവർ ഒപ്പുവെച്ച ശിപാർശ ശനിയാഴ്ച പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു. ഏഴ് അഭിഭാഷകരുടെ പട്ടികയാണ് സുപ്രീംകോടതിക്ക് സമർപ്പിച്ചത്. ഇതിനുപുറമേ ഈ ശിപാർശയുടെ പകർപ്പ് ഗവർണർക്കും സംസ്ഥാന സർക്കാറിനും നൽകുന്നുണ്ട്.
നാലു പേജുള്ള ശിപാർശയിൽ ആറ് അഭിഭാഷകരുടെ പേരുകൾ വ്യക്തമാക്കുന്ന നാലാമത്തെ പേജാണ് പുറത്തുവന്നത്. ജഡ്ജി നിയമനത്തിന് പരിഗണിച്ച അഭിഭാഷകരെക്കുറിച്ച് ഐ.ബിയുടെ രഹസ്യാന്വേഷണമടക്കം പൂർത്തിയാക്കിയാണ് കൊളീജിയം പേരുകൾ അന്തിമമാക്കിയത്. ഏറെ രഹസ്യസ്വഭാവമുള്ള ശിപാർശ ചോർന്നതിൽ അഭിഭാഷകരടക്കമുള്ളവർ ആശങ്ക ചൂണ്ടിക്കാട്ടി. എന്നാൽ, ഇതുസംബന്ധിച്ച് എന്തെങ്കിലും അന്വേഷണമുണ്ടാകുമോയെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.