ക്രിമിനൽ കേസ് പ്രതികൾക്ക് പാസ്പോർട്ട് അനുവദിക്കാൻ ഹൈകോടതിയുടെ മാനദണ്ഡം
text_fieldsകൊച്ചി: ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് പാസ്പോർട്ടിന് അനുമതി നൽകേണ്ടത് കേസിെൻറ സ്വഭാവവും ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളും പരിഗണിച്ച് വേണമെന്ന് ഹൈകോടതി. കേസിൽ ഉൾപ്പെട്ടവർക്ക് പാസ്പോർട്ടിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വിചാരണക്കോടതികൾ പാലിക്കേണ്ട ചില മാനദണ്ഡങ്ങൾ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പ്രഖ്യാപിച്ചു. കേസുള്ളതിനാൽ അഞ്ചുവർഷമായി പാസ്പോർട്ട് നിഷേധിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി തദേവൂസ് സെബാസ്റ്റ്യെൻറ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
ക്രിമിനൽ കേസ് പ്രതികൾക്ക് വിചാരണക്കോടതിയുടെ അനുമതിയോടെ മാത്രമേ പാസ്പോർട്ട് അനുവദിക്കാവൂവെന്നാണ് ചട്ടം. നിലവിൽ മജിസ്ട്രേറ്റിെൻറ ബോധ്യവും വിവേചനാധികാരവും ഉപയോഗിച്ചാണ് കാലാവധിയടക്കം നിശ്ചയിച്ച് അനുമതി നൽകുന്നത്. എന്നാൽ, ഓരോ കേസും പ്രത്യേകം വിലയിരുത്തി വേണം തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. തീവ്രവാദം, കള്ളക്കടത്ത് തുടങ്ങിയ കേസിലുൾപ്പെട്ടവരോട് മറ്റ് കേസിലെ പ്രതികളുടേതിൽനിന്ന് വ്യത്യസ്ത സമീപനമാണ് സ്വീകരിക്കേണ്ടത്. വ്യക്തവും കൃത്യവുമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. ക്രിമിനൽ കേസുകളിൽ വിചാരണ അനിശ്ചിതമായി നീണ്ടുപോകുന്നതും കോടതി പരിഗണിച്ചു.
കേസിെൻറ നിലവിലെ അവസ്ഥ, വിചാരണ ആരംഭിക്കാനിടയുള്ള സമയം, പ്രതിയുടെ മുൻകാല സ്വഭാവം, മുമ്പ് കേസുണ്ടായിട്ടുണ്ടോ, കുറ്റകൃത്യത്തിെൻറ സ്വഭാവവും തീവ്രതയുമെന്ത്, വിചാരണയിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള സാധ്യതയെന്ത് തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കണം. ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരുടെ കാര്യത്തിൽ അനുമതി നൽകിയാലും സമയം പരിമിതപ്പെടുത്തണം. വിദേശത്തെ േമൽവിലാസം ഇന്ത്യൻ കോൺസുലേറ്റിലോ വിചാരണക്കോടതിയിലോ നൽകണം. എത്ര നാൾ വരെ പാസ്പോർട്ട് അനുവദിക്കാമെന്നും ഉത്തരവിൽ മജിസ്ട്രേറ്റ് വ്യക്തമാക്കണമെന്നും മാനദണ്ഡങ്ങളിൽ പറയുന്നു. അതേസമയം, ഹരജിക്കാരനെതിരെ നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിലുണ്ടോയെന്ന് ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷിച്ച് തിട്ടപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. കേസുണ്ടെങ്കിൽ മജിസ്ട്രേറ്റിെൻറ അനുമതിയോടെയും അല്ലാത്തപക്ഷം അനുമതി ഇല്ലാതെയും പാസ്പോർട്ട് അനുവദിക്കാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.