പാതയോരങ്ങളിലെ കൊടിതോരണങ്ങൾ: സർക്കാർ നടപടിയെ വിമർശിച്ച് ഹൈകോടതി
text_fieldsകൊച്ചി: പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളും ബോർഡുകളും ബാനറുകളും നീക്കാത്ത സർക്കാർ നടപടിയെ വിമർശിച്ച് ഹൈകോടതി. അനധികൃത കമാനങ്ങളും ബോർഡുകളും മറ്റും മാറ്റാൻ സർക്കാർ രാഷ്ട്രീയ ഇച്ഛാശക്തി കാട്ടുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
കണ്ണൂരിലെ ന്യൂമാഹിയിൽ പൊതുസ്ഥലത്തു സ്ഥാപിച്ച ബോർഡുകൾ നീക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഇക്കാര്യത്തിൽ വിശദീകരണം നൽകാനും കോടതി സർക്കാറിനോട് നിർദേശിച്ചു. പാതയോരങ്ങളിലും പൊതുവഴികളിലും അനധികൃതമായി സ്ഥാപിച്ച കൊടികളും തോരണങ്ങളും ബാനറുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികളിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം. അനധികൃത കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുത്തില്ലെന്ന ആരോപണത്തെ തുടർന്ന് കളമശ്ശേരി, ആലുവ നഗരസഭ സെക്രട്ടറിമാർ ബുധനാഴ്ച നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു.
തിങ്കളാഴ്ച ഹരജികൾ പരിഗണിക്കവെ കളമശ്ശേരി, ആലുവ നഗരസഭകളിലെ ചില ഭാഗങ്ങളിൽ പാതയോരങ്ങളിലും റോഡിലെ മീഡിയനിലും കൊടിതോരണങ്ങളും ബാനറുകളും അനധികൃതമായി സ്ഥാപിച്ചിരിക്കുന്നതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. സ്ക്രാപ് വിൽപന സംഘടനക്കാരുടെയും ഭരണത്തിലുള്ള രാഷ്ട്രീയ പാർട്ടിയുടെയും കൊടിതോരണങ്ങളും ബാനറുകളുമാണ് നിരത്തിലുള്ളത്.
രാഷ്ട്രീയ പാർട്ടികൾ അനധികൃത ബാനറുകളും കൊടി തോരണങ്ങളും സ്ഥാപിച്ചാൽ മറ്റുള്ളവരും അതു പിന്തുടരും. സംഘാടകരുടെ രാഷ്ട്രീയപരവും അല്ലാത്തതുമായ സമ്മർദത്തെ തുടർന്ന് നടപടിയെടുക്കാൻ കഴിയുന്നില്ലെന്ന് നഗരസഭ സെക്രട്ടറിമാർ അമിക്കസ് ക്യൂറിയോടു വിശദീകരിച്ചിരുന്നു. നഗരസഭ സെക്രട്ടറിമാർക്കൊപ്പം ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
നാലു വർഷമായി ഈ കേസിൽ പല നിർദേശങ്ങളും കോടതി നൽകിയെങ്കിലും ഫലപ്രദമായി നടപ്പാക്കിയില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. കോടതി ഉത്തരവു നടപ്പാക്കേണ്ടത് സർക്കാറാണ്. നടപ്പാക്കാൻ താൽപര്യമില്ലെങ്കിൽ ഒളിച്ചുകളിക്കാതെ സർക്കാർ അത് തുറന്നുപറയണം.
കോടതി ഉത്തരവുകൾ ഫലപ്രദമായി നടപ്പാക്കാനായില്ലെങ്കിൽ കോടതിക്ക് ശക്തിയില്ലാതാകുമെന്ന് സർക്കാർ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് സിംഗിൾബെഞ്ച് വ്യക്തമാക്കി. ഹരജികൾ ബുധനാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.