പുതിയ യാത്ര മാർഗം പറയുന്നവർ തകർന്ന റോഡ് കാണണം -ഹൈകോടതി
text_fieldsകൊച്ചി: പുതിയ യാത്ര മാർഗങ്ങളെക്കുറിച്ച് നിരന്തരം പറയുന്നവർ തകർന്നുകിടക്കുന്ന പഴയ മാർഗങ്ങളും കാണണമെന്ന് ഹൈകോടതി. മഴ വന്നാൽ കുടയെന്ന് കേട്ടിട്ടുണ്ട്. എന്നാൽ, മഴ വന്നാൽ കുഴിയാണ് ഇവിടെ. റോഡുകൾ തകർന്നതിന് എൻജിനീയറെ വിളിച്ചു വരുത്തേണ്ടി വന്നാൽ ഹൈകോടതിക്ക് സമീപം ഒരു കെട്ടിടം വാടകക്കെടുത്ത് പൊതുമരാമത്ത് ഓഫിസാക്കേണ്ടി വരുന്ന അവസ്ഥയാണ്.
കുഴി കണ്ടെത്തി നികത്താൻ കഴിയില്ലെങ്കിൽ ബില്ല് പാസാക്കാൻ മാത്രമായി എന്തിനാണ് എൻജിനീയർമാർ. ട്രഷറിയിലെ പണത്തേക്കാൾ ജീവന് വിലയുള്ളതിനാൽ ഫണ്ടില്ലെന്ന പതിവ് പല്ലവി ഇനി വേണ്ടെന്നും കോടതി വ്യക്തമാക്കി. തകർന്ന റോഡുകൾ നന്നാക്കുന്നതുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം.
ഹൈകോടതിയിലെ ഒരു അഭിഭാഷകൻ ഒരു പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് റോഡ് തകർന്നതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ 'ന്നാ താൻ കേസു കൊടുക്കെന്ന്' പരിഹസിച്ച് സംസാരിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഔദ്യോഗിക പദവിയിലിരിക്കുന്നവർ ഇങ്ങനെ പെരുമാറരുത്. കേസെടുക്കാനും അത്തരക്കാരെ നേർവഴിക്ക് നടത്താനും കോടതിക്ക് അറിയാമെന്നും ഹൈകോടതി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.