ജഡ്ജിമാർക്കെതിരെ നടപടി ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: മുൻ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ മൂന്ന് ജഡ്ജിമാർക്കെതിരെ ജുഡീഷ്യറിയുടെ ആഭ്യന്തരതല നടപടി ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. ഉചിതമായ വിധിയല്ല പുറപ്പെടുവിച്ചതെന്നാരോപിച്ച് കാനഡയിൽ താമസിക്കുന്ന കോട്ടയം സ്വദേശി മാത്യു പുലിക്കുന്നേൽ നൽകിയ ഹരജികളാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ തള്ളിയത്. ഇത്തരം ആവശ്യങ്ങൾ ജുഡീഷ്യൽ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
സുപ്രീം കോടതി വിധിയെത്തുടർന്ന് പൊളിച്ചുമാറ്റിയ മരടിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട രണ്ട് ഹരജികളുടെ വിധികളിൽ അപാകതയുണ്ടെന്നായിരുന്നു ഒരു ഫ്ലാറ്റിെൻറ ഉടമ കൂടിയായ ഹരജിക്കാരെൻറ ആരോപണം. അനധികൃതമായി നിർമിച്ച ഫ്ലാറ്റ് പൊളിച്ചുനീക്കാൻ സുപ്രീം കോടതി നിർദേശിക്കുന്നതിന് മുമ്പ് ഫ്ലാറ്റ് നിർമാണത്തിന് നൽകിയ പെർമിറ്റ് പിൻവലിക്കാൻ തദ്ദേശ ഭരണസ്ഥാപനം സ്വീകരിച്ച നടപടി ഹൈകോടതി റദ്ദാക്കിയിരുന്നു. ഡിവിഷൻ ബെഞ്ചിെൻറ ഈ വിധിയും ഫ്ലാറ്റ് നിർമാതാവിെൻറ മുൻകൂർ ജാമ്യ ഹരജിയിൽ വിധി പറയാൻ സിംഗിൾബെഞ്ച് കാലതാമസം വരുത്തിയെന്ന ആരോപണവുമാണ് ഹരജിക്കാരൻ ഉന്നയിച്ചത്.
എന്നാൽ, ഉത്തരവുകളുടെ പേരിൽ ജഡ്ജിമാർ വ്യക്തിപരമായി ചോദ്യം ചെയ്യപ്പെടുന്നത് അഭികാമ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും വ്യക്തിത്വവും ഉറപ്പു വരുത്തിയിരിക്കുന്നത് വിധി ന്യായങ്ങൾക്ക് വേണ്ടിയാണ്. ജഡ്ജിമാരുടെ നേട്ടത്തിനു വേണ്ടിയല്ലെന്നും വ്യക്തമാക്കി. തുടർന്നാണ് ഹരജികൾ തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.