പട്ടയം നൽകിയ നടപടി റദ്ദാക്കൽ: ക്രിസ്ത്യൻ പള്ളിയുടെ പുനഃപരിശോധന ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: വയനാട് മാനന്തവാടി കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളിയുടെ കൈവശമുള്ള സർക്കാർ ഭൂമിക്ക് പട്ടയം അനുവദിച്ച സർക്കാർ നടപടി റദ്ദാക്കിയതിനെതിരായ പുനഃപരിശോധന ഹരജി ഹൈകോടതി തള്ളി. പള്ളി കൈവശം വെച്ചിരുന്ന 5.5358 ഹെക്ടർ ഏറ്റെടുത്ത് ഭൂരഹിതർക്ക് നൽകണമെന്നതടക്കം നിർദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ പള്ളി നൽകിയ ഹരജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തള്ളിയത്. പള്ളി കൈവശംവെച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം നൽകുന്നത് ചോദ്യംചെയ്ത് സാമൂഹിക പ്രവർത്തകരും ഭൂരഹിതരുമായ ആദിവാസികളും നൽകിയ ഹരജിയിലാണ് നേരത്തേ ഉത്തരവുണ്ടായത്.
3.04 കോടി രൂപ വിലയുണ്ടെന്ന് നിശ്ചയിച്ച ഭൂമിയാണ് ഏക്കറിന് 100 രൂപക്ക് പള്ളിക്ക് നൽകാൻ 2015ൽ സർക്കാർ തീരുമാനിച്ചത്. എന്നാൽ, സർക്കാർ ഭൂമി കൈയേറി അതിൽ നിയമവിരുദ്ധമായി പള്ളിയും സ്കൂളുമൊക്കെ നിർമിക്കുന്നുണ്ടെന്നും ഇത്തരം കൈയേറ്റങ്ങൾ പൊതുതാൽപര്യത്തിന്റെ പേരിൽ പതിച്ചുനൽകാനാവില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ച് നിലപാട്. അടിസ്ഥാന ഭൂനികുതി രജിസ്റ്ററിൽ ഭൂമിയുടെ ഉടമസ്ഥത തങ്ങളുടെ പേരിലാണെന്നും ഇക്കാര്യം നേരത്തേ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനായില്ലെന്നുമായിരുന്നു റിവ്യൂ ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കി. ഭൂമിയുടെ കൈവശാവകാശികളാണെന്നാണ് പ്രധാന ഹരജിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പള്ളി അധികൃതർ പറയുന്നതെന്നും പുതിയ വാദം റിവ്യൂ ഹരജിയിൽ ഉന്നയിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭൂനികുതി രജിസ്റ്ററിൽ ഉടമസ്ഥാവകാശം ഉണ്ടെന്ന് പറയുമ്പോഴും ഭൂമിക്ക് പട്ടയം അനുവദിക്കാനുള്ള സർക്കാർ ഉത്തരവിനെ ഹരജിക്കാർ എതിർത്തിട്ടില്ല. സർക്കാർ ഉത്തരവ് കോടതി റദ്ദാക്കിയ ശേഷമാണ് മറിച്ചുള്ള നിലപാട് സ്വീകരിച്ചിരിക്കുന്നത്.100 രൂപ വില ഈടാക്കി ഭൂമിക്ക് പട്ടയം നൽകാൻ 1952ൽതന്നെ തീരുമാനം ഉള്ളതാണെന്നും അന്ന് 70 വർഷത്തിനുശേഷം ഭൂമിയുടെ ഉടമസ്ഥതയുണ്ടെന്നാണ് പറയുന്നത്.
സ്ഥിരതയില്ലാത്ത വാദം അംഗീകരിക്കാനാകില്ല. ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന വാദവും തള്ളി. സ്ഥിരതയില്ലാത്ത നിലപാടിലൂടെ കോടതിയുടെ സമയം പാഴാക്കിയതിന് വലിയ തുക പിഴയായി ചുമത്തേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.