നരഭോജി കടുവയെ വെടിവെക്കാനുള്ള ഉത്തരവിനെതിരെ നൽകിയ ഹരജി ഹൈകോടതി തള്ളി; ഹരജിക്കാരന് 25,000 രൂപ പിഴ
text_fieldsകൊച്ചി: വയനാട്ടിലിറങ്ങിയ നരഭോജി കടുവയെ വെടിെവച്ചു കൊല്ലാനുള്ള വനം വകുപ്പിന്‍റെ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി 25,000 രൂപ പിഴ ചുമത്തി തള്ളി. വാകേരിയിലെ ക്ഷീര കർഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ കൊല്ലാനുള്ള വനം വകുപ്പ് ഉത്തരവ് ചോദ്യം ചെയ്ത് എറണാകുളം നെട്ടൂരിലെ അനിമൽസ് ആൻഡ് നേച്വർ എത്തിക്‌സ് കമ്യൂണിറ്റിയെന്ന സംഘടന നൽകിയ പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്. വനം വകുപ്പ് ഉത്തരവ് ശരിവെച്ച കോടതി രണ്ടാഴ്ചക്കകം സംസ്ഥാന ലീഗൽ സർവിസ് അതോറിറ്റിയിൽ പിഴത്തുക അടക്കാൻ ഹരജിക്കാർക്ക് നിർദേശം നൽകി.
നടപടിക്രമങ്ങൾ പാലിക്കാതെയും നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി 2019ൽ നൽകിയിട്ടുള്ള മാർഗ നിർദേശങ്ങൾ പാലിക്കാതെയുമാണ് ഉത്തരവെന്ന് ഹരജിയിൽ ആരോപിച്ചു.
എന്നാൽ, ഒരു മനുഷ്യജീവനാണ് കടുവയുടെ ആക്രമണത്തിൽ നഷ്ടമായതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത് നിസ്സാരമായി കാണാനാവില്ലെന്ന് വ്യക്തമാക്കി. പ്രശസ്തിക്കുവേണ്ടിയാണോ ഹരജി നൽകിയതെന്ന് ഹരജിക്കാരോട് ആരാഞ്ഞു. ഹരജി നൽകാനുള്ള കാരണം ഹരജിക്കാരന് മാത്രമേ അറിയൂവെന്നും കുറ്റപ്പെടുത്തി. തുടർന്ന് നടപടിക്രമങ്ങൾ പാലിച്ചാണ് വനംവകുപ്പ് ഉത്തരവിറക്കിയതെന്ന് വിലയിരുത്തിയ ഡിവിഷൻ ബെഞ്ച് 25,000 രൂപ പിഴ ചുമത്തി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.