മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗവുമായി ബന്ധപ്പെട്ട പരാതി ലോകായുക്തയുടെ ഫുൾബെഞ്ചിന് വിട്ട ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി തള്ളി. ദുരിതാശ്വാസനിധിയിൽനിന്ന് അനർഹർക്ക് സാമ്പത്തിക സഹായം നൽകിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും 18 മന്ത്രിമാർക്കുമെതിരെ ലോകായുക്തയെ സമീപിച്ച ആർ.എസ്.ശശികുമാർ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്.
ഹരജിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ദുരിതാശ്വാസനിധിയിൽനിന്ന് പണം അനുവദിച്ചത് കാബിനറ്റ് തീരുമാനപ്രകാരമാണെന്നും ലോകായുക്തക്ക് ഇതിൽ ഇടപെടാനാവുമോയെന്ന കാര്യത്തിൽ ഡിവിഷൻ ബെഞ്ചിൽ അഭിപ്രായഭിന്നതയുള്ളതിനാൽ മൂന്നംഗ ഫുൾ ബെഞ്ചിന്റെ പരിഗണനക്ക് വിടുകയാണെന്നുമായിരുന്നു ലോകായുക്ത വിധി. പരാതി ലോകായുക്തക്ക് പരിഗണിക്കാനാവുമോയെന്ന തർക്കം ആദ്യഘട്ടത്തിൽ പരിഗണിച്ച് വാദം കേൾക്കാൻ കഴിയുമെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു. തുടർന്ന്, ഡിവിഷൻ ബെഞ്ച് വാദം കേട്ട് 2022 മാർച്ച് 18ന് വിധി പറയാൻ മാറ്റിയെങ്കിലും ഒരു വർഷം കഴിഞ്ഞ് 2023 മാർച്ച് 31ന് ലോകായുക്ത ഫുൾബെഞ്ചിന് വിടാനായിരുന്നു തീരുമാനം. ഇതിനെതിരെയാണ് പരാതിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.
ഹരജി ഫുൾബെഞ്ചിന് വിട്ടത് നിയമപരമല്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാൽ, ഇത്തരമൊരു തർക്കമുയർന്നാൽ പരാതി ഫുൾബെഞ്ചിന് വിടുന്നതിൽ തെറ്റ് എന്തെന്ന് കേസ് പരിഗണിക്കവേ കോടതി വാക്കാൽ ആരാഞ്ഞു. നിയമപരമായി ഇത് സാധ്യമാണെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് ലോകായുക്ത നടപടി ശരിവെച്ച് ഹരജി തള്ളുകയായിരുന്നു. പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ്, അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ.എ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് സ്വർണപ്പണയം തിരിച്ചെടുക്കാൻ സഹായം, കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലീസുകാരന്റെ ഭാര്യക്ക് ധനസഹായം തുടങ്ങിയ കാര്യങ്ങൾക്ക് ദുരിതാശ്വാസനിധിയിൽനിന്ന് തുക അനുവദിച്ചതാണ് ഹരജിക്കാരൻ ലോകായുക്തയിൽ ചോദ്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.