ഭൂമി കൈയേറ്റം: സംരക്ഷണം തേടി ആദിവാസി സ്ത്രീകൾ നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കി
text_fieldsകൊച്ചി: ഭൂമി കൈയേറ്റത്തിൽ നിന്ന് പൊലീസ് സംരക്ഷണം തേടി ആദിവാസി സ്ത്രീകൾ നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കി. അട്ടപ്പാടി മൂലഗംഗൻ ഊര് വാസികളും ഇരുളർ സമുദായാംഗങ്ങളുമായ എട്ട് സ്ത്രീകളാണ് ഭൂമി കൈയേറ്റം ആരോപിച്ച് ഹൈകോടതിയെ സമീപിച്ചത്. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന് പൊലീസിന് നിർദേശം നൽകിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തർക്കം സിവിൽ കോടതിയിൽ ഉന്നയിക്കാമെന്ന് വ്യക്തമാക്കി ഹരജി തീർപ്പാക്കി.
സംരക്ഷിത വനമേഖലയോട് ചേർന്നുകിടക്കുന്ന ആദിവാസി ഭൂമി കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സഥനാദ ട്രസ്റ്റ് അടക്കമുള്ളവർ കൈയേറാൻ ശ്രമിക്കുന്നുവെന്നാണ് ഹരജിയിലെ ആരോപണം. തങ്ങൾക്ക് ഭൂമി വിട്ടുനൽകാത്തപക്ഷം ദൂഷ്യഫലങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന് നിരന്തരം ഇവർ ഭീഷണിപ്പെടുത്തുന്നു. മുഖ്യമന്ത്രിക്കും ഷോളയാർ പൊലീസിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.
എന്നാൽ, ഹരജിക്കാർ പറയുന്ന സ്ഥലത്ത് തങ്ങൾക്കും ഉടമസ്ഥാവകാശം ഉണ്ടെന്നായിരുന്നു ട്രസ്റ്റിന്റെ വാദം. തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഹരജിക്കാർ അതിക്രമിച്ചുകടക്കുകയാണ്. ഒരു തരത്തിലുള്ള ഭീഷണിയും ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, വിഷയം സിവിൽ തർക്കമായതിനാൽ പൊലീസിന് ഇടപെടാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. എങ്കിലും ക്രമസമാധാനപാലനത്തിന് പൊലീസ് നടപടി സ്വീകരിക്കുന്നുണ്ടെന്നും അറിയിച്ചു. സിവിൽ സ്വഭാവത്തിലുള്ള തർക്കമായതിനാൽ വിഷയത്തിൽ ഇടപെടാനോ അതിനായി പൊലീസിന് നിർദേശം നൽകാനോ ഹൈകോടതിക്ക് സാധ്യമല്ലെന്ന് സിംഗിൾ ബെഞ്ചും വ്യക്തമാക്കി. തുടർന്നാണ് കക്ഷികൾ തമ്മിൽ സംഘർഷമോ മറ്റോ ഉണ്ടാകുന്നില്ലെന്നും ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും ഉറപ്പുവരുത്താൻ കോടതി പൊലീസിന് നിർദേശം നൽകി ഹരജി തീർപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.