കൺസ്യൂമർഫെഡിന് വിഷുച്ചന്തകൾ തുടങ്ങാൻ ഹൈകോടതി അനുമതി
text_fieldsകൊച്ചി: രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കാതെ കൺസ്യൂമർഫെഡിന് വിഷുച്ചന്തകൾ തുടങ്ങാമെന്ന് ഹൈകോടതി. റമദാൻ-വിഷു ചന്തകൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നിഷേധിച്ചതിനെതിരെ കൺസ്യൂമർഫെഡ് നൽകിയ ഹരജിയിലാണ് കോടതിയുടെ വിധി.
നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നത് സാധാരണക്കാർക്ക് ആശ്വാസകരമാകുമെന്നിരിക്കെ തെരഞ്ഞെടുപ്പുകാലമെന്ന പേരിൽ തടയേണ്ടതില്ല. അടിസ്ഥാനപരമായി ജീവിതപ്രശ്‌നങ്ങൾക്കാണ് മുൻതൂക്കം നൽകേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
അതേസമയം, ഇതിനായി സർക്കാർ അനുവദിച്ച അഞ്ചുകോടി കൈമാറുന്നത് തെരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടിവെക്കണമെന്ന കമീഷൻ ആവശ്യം കോടതി അംഗീകരിച്ചു. രാഷ്ടീയ നേട്ടത്തിനായി ഏതെങ്കിലും നടപടി ദുരുപയോഗം ചെയ്താൽ കമീഷന് ഇടപെടാമെന്നും വ്യക്തമാക്കി.
ജനങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയാണ് പ്രധാനമെന്ന് കോടതി വാക്കാൽ പറഞ്ഞു. സാധാരണക്കാർ നെട്ടോട്ടമോടുന്ന സമയമാണിത്. കടുത്ത വേനലിനുപുറമേ ആരുടെ കൈയിലും പൈസയില്ല. പെൻഷൻപോലും മുഴുവൻ വിതരണം ചെയ്യുന്നില്ല. അതിന് അതിന്റേതായ കാരണങ്ങളും ഉണ്ടാകാം. എന്നാൽ, ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതികൾ സർക്കാറോ രാഷ്ട്രീയകക്ഷികളോ പ്രചാരണായുധമാക്കരുതെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.