പ്രതിരോധ മേഖലയിലെ കെട്ടിടം; പി.വി. അൻവറിനും എടത്തല പഞ്ചായത്തിനും ഹൈകോടതി അന്ത്യശാസനം
text_fieldsകൊച്ചി: പ്രതിരോധ മേഖലയിൽ സ്ഥിതിചെയ്യുന്ന, പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കണമെന്ന ഹരജിയിൽ മറുപടി നൽകാൻ പഞ്ചായത്തിനും എം.എൽ.എക്കും ഹൈകോടതിയുടെ അന്ത്യശാസനം. നാവികസേനയുടെ ആയുധസംഭരണശാലക്ക് സമീപം പീവീസ് റിയൽറ്റേഴ്സിന്റെ ഉടമസ്ഥതയിലുള്ള ഏഴുനില കെട്ടിടം പൊളിച്ചുനീക്കണമെന്ന ഹരജിയിലാണ് മാനേജിങ് ഡയറക്ടർ പി.വി. അൻവർ എം.എൽ.എയും എറണാകുളം ജില്ലയിലെ എടത്തല പഞ്ചായത്തും മൂന്നാഴ്ചക്കകം മറുപടി സത്യവാങ്മൂലം നൽകണമെന്ന് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജി ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും.
പാട്ടത്തിനെടുത്ത ഏഴുനില കെട്ടിടത്തിൽ ലഹരി പാർട്ടിയടക്കം നടന്നത് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ കെ.വി. ഷാജി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഡൽഹിയിലെ കടാശ്വാസ കമീഷൻ 2006ൽ നടത്തിയ ലേലത്തിലാണ് അൻവറിന്റെ കമ്പനി 99 വർഷത്തെ പാട്ടത്തിന് 11.46 ഏക്കർ ഭൂമിയും കെട്ടിടവും സ്വന്തമാക്കിയത്. അതീവ സുരക്ഷാ മേഖലയിലുള്ള കെട്ടിടത്തിൽ ഡി.ജെ പാർട്ടിക്കിടെ 2018ൽ നടന്ന എക്സൈസ് റെയ്ഡിൽ അനധികൃത ബാർ കൗണ്ടർ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. കേസെടുത്തെങ്കിലും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് ഹരജിക്കാരൻ സർക്കാറിന് പരാതി നൽകി. നാവിക അധികൃതരുടെ നിർദേശപ്രകാരം എടത്തല പഞ്ചായത്ത് സെക്രട്ടറി നൽകിയ സ്റ്റോപ് മെമ്മോ അവഗണിച്ചാണ് സപ്തനക്ഷത്ര സൗകര്യത്തോടെ കെട്ടിടം വികസിപ്പിച്ചതെന്നായിരുന്നു കത്തിലെ ആരോപണം. ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരം ജില്ലാ കലക്ടർക്കും എടത്തല പഞ്ചായത്തിനും പരാതി കൈമാറിയെങ്കിലും തുടർനടപടിയുണ്ടാകാത്തതിനാലാണ് ഷാജി ഹൈകോടതിയെ സമീപിച്ചത്.
മറുപടി സത്യവാങ്മൂലം നൽകാൻ പഞ്ചായത്തടക്കം എതിർകക്ഷികൾക്ക് കോടതി നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതുവരെ സത്യവാങ്മൂലം നൽകിയിട്ടില്ല. മുൻ ഉത്തരവ് പാലിക്കാത്തതിനാൽ വിശദീകരണത്തിനുള്ള അവസാന അവസരമായിരിക്കും ഇതെന്നും കോടതി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.