വനപാലകരുടെ പരാതിയിൽ അറസ്റ്റിലായ റൂബിൻ ലാലിന് ഹൈകോടതിയുടെ ജാമ്യം
text_fieldsഅതിരപ്പിള്ളി: സാമൂഹിക പ്രവർത്തകനും പ്രാദേശിക മാധ്യമപ്രവർത്തകനുമായ റൂബിൻലാലിന് ഹൈകോടതി ജാമ്യം അനുവദിച്ചു. വനപാലകർ നൽകിയ പരാതിയെ തുടർന്ന് അതിരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്ത റൂബിൻലാൽ രണ്ടാഴ്ചയായി ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാൻഡിലായിരുന്നു. നേരത്തേ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
മേയ് 26നാണ് റൂബിൻലാലിന്റെ അറസ്റ്റിനും റിമാൻഡിനും ആസ്പദമായ സംഭവമുണ്ടായത്. അതിരപ്പിള്ളിയിൽ വാഹനമിടിച്ച് പരിക്കേറ്റ കാട്ടുപന്നിയുടെ ഫോട്ടോ റൂബിൻലാൽ എടുക്കുന്നതിനിടെ വനപാലകർ തടസ്സമുന്നയിക്കുകയും തർക്കമുണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് കാട്ടിൽ കയറി ചിത്രമെടുത്തെന്നും വനപാലകരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് വനപാലകർ റൂബിൻ ലാലിനെതിരെ അതിരപ്പിള്ളി പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ പ്രാഥമിക അന്വേഷണംപോലും നടത്താതെ അതിരപ്പിള്ളി എസ്.എച്ച്.ഒ ആൻഡ്രിക് ഗ്രോമിക് തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും അതിരപ്പിള്ളി മേഖലയിലെ വനം-പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണെന്നും ആരോപണം ഉയർന്നു. വാഴച്ചാൽ വനം ഡിവിഷന് കീഴിൽ നടന്നുവരുന്ന ക്രമവിരുദ്ധ കാര്യങ്ങൾക്കെതിരെ പ്രതികരിച്ചതിനാണ് റൂബിൻ ലാലിന്റെ അറസ്റ്റ് എന്നായിരുന്നു ആക്ഷേപം. ഇതിനെതിരെ ചാലക്കുടി ജനകീയ കൂട്ടായ്മ അതിരപ്പിള്ളി എസ്.എച്ച്.ഒ ആൻഡ്രിക് ഗ്രോമിക്കിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തി. പൊലീസ് വകുപ്പ്തല അന്വേഷണം നടത്തി രണ്ടു ദിവസം മുമ്പ് അതിരപ്പിള്ളി എസ്.എച്ച്.ഒയെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.