കേസുള്ളപ്പോഴെല്ലാം ഒറ്റക്ക് കോടതിയിൽ ഹാജരാകണം: ഉപാധികൾ അംഗീകരിച്ച നിപുൺ ചെറിയാന് ജാമ്യം
text_fieldsകൊച്ചി: കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം കോടതിയിൽ ഹാജരാകണമെന്നതടക്കം ഉപാധികളോടെ ക്രിമിനൽ കോടതി അലക്ഷ്യ കേസിൽ അറസ്റ്റിലായ വി ഫോർ കൊച്ചി പ്രസിഡന്റ് നിപുൺ ചെറിയാന് ഹൈകോടതിയുടെ ജാമ്യം. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി നേരിട്ട് ഹാജരാകാനുള്ള ഉത്തരവ് പാലിക്കാതിരുന്നതിനെ തുടർന്ന് നിപുണിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കുകയായിരുന്നു. കേസിൽ കോടതിയിൽ ഹാജരാകാമെന്ന് സമ്മതിച്ച് നിപുൺ നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. നിപുൺ നൽകിയ സത്യവാങ്മൂലം കോടതി ബോണ്ടായി സ്വീകരിച്ചു.
കേസ് പരിഗണിക്കുന്ന എല്ലാ ദിവസവും കോടതിയിൽ ഹാജരാകണമെന്നും കോടതി പരിസരത്ത് പാർട്ടി പ്രവർത്തകർ വഴിയോ നേരിട്ടോ തടസ്സം ഉണ്ടാക്കരുതെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. കേസ് നടത്തിപ്പിന് സഹായം ആവശ്യമുണ്ടെങ്കിൽ കോടതിയുടെ അനുമതി തേടണം. ഹരജി തീർപ്പാക്കുന്നതുവരെ കോടതി അലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് ഹൈകോടതി ജഡ്ജിമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരെ കുറിച്ച് അച്ചടി, ഇലക്ട്രോണിക്, സമൂഹ മാധ്യമങ്ങൾ വഴി പ്രതിഷേധം, വാർത്തസമ്മേളനം തുടങ്ങിയവ നടത്തുകയോ പ്രസ്താവനകൾ ഇറക്കുകയോ ചെയ്യരുത്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യ ഉത്തരവ് പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹരജി മാർച്ച് ഏഴിന് പരിഗണിക്കാൻ മാറ്റി. കോടതി മുന്നോട്ടുവെച്ച നിർദേശങ്ങൾ പാലിക്കാമെന്ന് വ്യക്തമാക്കിയാണ് നിപുൺ ചെറിയാൻ സത്യവാങ്മൂലം നൽകിയത്. ജനറൽ ആശുപത്രിയിലേക്ക് വിലങ്ങണിയിച്ചാണ് കൊണ്ടുപോയതെന്ന് നിപുൺ ചെറിയാൻ അറിയിച്ചതിനെ തുടർന്ന് ഇക്കാര്യത്തിൽ കോടതി മട്ടാഞ്ചേരി അസി. പൊലീസ് കമീഷണറുടെ വിശദീകരണം തേടി. നിപുണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി പാർട്ടി പ്രവർത്തകരുടെ ഇടപെടലുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജയിൽ അധികൃതർ അറിയിച്ചിരുന്നെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് കൈവിലങ്ങിട്ടതെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. ഈ വിശദീകരണം കോടതി അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.