കോവിഷീൽഡ് വാക്സിൻ ഇടവേളയിൽ ഇളവ് അനുവദിച്ച് ഹൈകോടതി
text_fieldsകൊച്ചി: കോവിഷീൽഡ് വാക്സിൻ ഇടവേളയിൽ ഇളവ് അനുവദിച്ച് ഹൈകോടതി. താൽപര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാംഡോസ് എടുക്കാമെന്ന് വ്യക്തമാക്കിയ കോടതി കോവിൻ പോർട്ടലിൽ ആവശ്യമായ മാറ്റം വരുത്താൻ കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു. അതേസമയം, സർക്കാർ നൽകുന്ന സൗജന്യ വാക്സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. കിറ്റക്സ് കമ്പനി നൽകിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്.
നിലവിൽ 84 ദിവസമാണ് കോവിഷീൽഡ് വാക്സിൻ രണ്ടാംഡോസിനുള്ള ഇടവേള. ജീവനക്കാർക്ക് നേരത്തെ കോവിഡ് വാക്സിൻ നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കിറ്റക്സിന്‍റെ ഹരജി. കമ്പനി സ്വന്തമായി വാങ്ങിയ കോവിഷീൽഡ് വാക്സിന്‍റെ രണ്ടാം ഡോസ് നൽകാൻ 45 ദിവസം കഴിഞ്ഞിട്ടും ആരോഗ്യവകുപ്പ് അനുവദിക്കുന്നില്ലെന്ന് കിറ്റക്സ് ചൂണ്ടിക്കാട്ടിയിരുന്നു.
വാക്സിൻ ഇടവേള സംബന്ധിച്ച് ഹൈകോടതി കേന്ദ്ര സർക്കാറിന്‍റെ അഭിപ്രായം തേടിയിരുന്നു. എന്നാൽ, ഇളവ് അനുവദിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഫലപ്രാപ്തി കണക്കിലെടുത്താണ് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് എന്നായിരുന്നു കേന്ദ്രം പറഞ്ഞത്. എന്നാൽ, വിദേശത്ത് പോകുന്നവർക്ക് ഇളവ് അനുവദിക്കുന്നത് എങ്ങിനെയെന്ന് കോടതി ചോദിച്ചിരുന്നു.
വാക്സിൻ കുത്തിവെപ്പും ഇടവേളയും സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് നിശ്ചയിക്കുന്നത് എന്നായിരുന്നു വിഷയത്തിൽ സംസ്ഥാന സർക്കാറിന്‍റെ നിലപാട്.
നാലാഴ്ചക്ക് ശേഷം കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് എടുക്കാമെന്നായിരുന്നു വാക്സിനേഷന്‍റെ തുടക്കത്തിലുണ്ടായിരുന്ന മാർഗനിർദേശം. ഇത് പിന്നീട് 42 ദിവസമായും 84 ദിവസമായും വർധിപ്പിക്കുകയായിരുന്നു.
കോവിഷീൽഡ് നിർമാതാക്കളായ ആസ്ട്ര സെനിക്കയുടെ മെഡിക്കൽ രേഖകൾ പ്രകാരം 24 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ എടുക്കാമെന്നാണ് വ്യക്തമാക്കുന്നതെന്നാണ് ഹരജിക്കാർ പ്രധാനമായും വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.