എസ്.എൻ ട്രസ്റ്റ് ബൈലോ ഭേദഗതിക്ക് ഹൈകോടതി അനുമതി
text_fieldsകൊച്ചി: വിശ്വാസവഞ്ചന കേസിലോ ട്രസ്റ്റിന്റെ സ്വത്ത് തട്ടിപ്പ് കേസിലോ ഉൾപ്പെട്ടവർ കുറ്റവിമുക്തനാകുന്നതുവരെ എസ്.എൻ ട്രസ്റ്റ് ഭാരവാഹിത്വത്തിൽനിന്ന് മാറിനിൽക്കണമെന്ന് ഹൈകോടതി. ട്രസ്റ്റിന്റെ സ്വത്ത് കേസ് നേരിടുന്നവർ ഭാരവാഹിത്വത്തിൽ തുടരുന്നത് കേസ് നടപടികളുടെ താളംതെറ്റിക്കും. ആരോപിതർക്കെതിരെ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ പോലും കാത്തിരിക്കാതെ നടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ട്രസ്റ്റിന്റെ ബൈലോയിൽ ഇതിനനുസൃതമായ ഭേദഗതി ആവശ്യപ്പെടുന്ന ഹരജി അനുവദിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വിശ്വാസവഞ്ചന കേസിൽ ഉൾപ്പെട്ടവർ ട്രസ്റ്റിന്റെ ഭാരവാഹിത്വത്തിൽ തുടരുന്നത് തടയുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി ബൈലോ ഭേദഗതി ചെയ്യണമെന്ന ഡയറക്ടർ ബോർഡംഗം, തിരുവനന്തപുരം സ്വദേശി അഡ്വ. ചെറുന്നിയൂർ വി. ജയപ്രകാശ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. എസ്.എൻ ട്രസ്റ്റിന്റെ ബൈലോ ഹൈകോടതി തയാറാക്കിയതിനാലാണ് ഭേദഗതിക്കും ഹൈകോടതിയുടെ അനുമതി വേണ്ടത്. ട്രസ്റ്റ് ഫണ്ട് വ്യാപകമായി ദുരുപയോഗം ചെയ്തെന്നടക്കം എസ്.എൻ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഒട്ടേറെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലായിരുന്നു ഹരജി. എന്നാൽ, ബൈലോ ഭേദഗതിയെ വെള്ളാപ്പള്ളിയടക്കമുള്ളവർ എതിർത്തു. ക്രിമിനൽ കേസ് നൽകിയാൽ ആരെ വേണമെങ്കിലും ട്രസ്റ്റ് ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കാനാവുമെന്ന വാദമാണ് ഇവർ ഉന്നയിച്ചത്. ട്രസ്റ്റിന്റെ ഭരണനിർവഹണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വ്യവസ്ഥ ചേർക്കുന്നതിലൂടെ ട്രസ്റ്റ് അംഗത്വത്തിൽ നിന്നോ ഭാരവാഹിത്വത്തിൽ നിന്നോ വിലക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ട്രസ്റ്റിന്റെ സ്വത്തുമായി ബന്ധപ്പെട്ട കേസുണ്ടായാൽ ട്രസ്റ്റ് ഭാരവാഹിയേയോ അംഗത്തെയോ സസ്പെൻഡ് ചെയ്യാൻ നിലവിൽ വ്യവസ്ഥയില്ല. അതേസമയം, കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാൾ ട്രസ്റ്റിന്റെ ഭാരവാഹിയാകുന്നത് ബൈലോ വിലക്കുന്നുമുണ്ട്. ഭേദഗതി ആവശ്യപ്പെട്ട് ട്രസ്റ്റ് അംഗങ്ങൾക്ക് ഹൈകോടതിയെ സമീപിക്കാൻ അനുമതി നൽകുന്നതാണ് ബൈലോ ഭേദഗതി. ആരോപണത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ ഭാരവാഹിത്വത്തിൽ തുടരാൻ അനുവദിക്കാനാവില്ല. അതിനാൽ, ആരോപണവിധേയന് ഭാരവാഹിത്വത്തിലോ അംഗത്വത്തിലോ തുടരാനാകുമോ എന്നത് കോടതിയിൽ ചോദ്യം ചെയ്യാം. കോടതിക്ക് ബോധ്യമായാൽ ഭാരവാഹിത്വത്തിൽ നിന്നും അംഗത്വത്തിൽനിന്നും മാറി നിൽക്കാൻ നിർദേശിക്കാം. ട്രസ്റ്റിന്റെ ലക്ഷ്യവും നീതിയും ഉറപ്പാക്കാൻ ഭേദഗതി അനിവാര്യമാണെന്ന് വ്യക്തമാക്കി. ബൈലോയിൽ ഭേദഗതി ആവശ്യമാണോ എന്നത് മാത്രമാണ് കോടതി പരിശോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.