ഒരു മാസത്തെ കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെയെന്ന് ഹൈക്കോടതി
text_fieldsകൊച്ചി: നെഗറ്റീവായവരുടെ ഒരു മാസത്തെ കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി. കോവിഡ് ബാധിച്ച് നെഗറ്റീവായവർ ഒരു മാസത്തിനുള്ളിൽ മരിച്ചാൽ കോവിഡ് മരണമായി സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതെ പരിഗണന കോവിഡാനന്തര ചികിത്സക്കും ലഭിക്കേണ്ടതല്ലെയെന്ന് കോടതി അഭിപ്രായപ്പെട്ടു.
കോവിഡാനന്തര ചികിത്സയുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമർശം. കോവിഡ് നെഗറ്റീവായ ശേഷം നിരവധി പേർ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും സർക്കാറിനെ കോടതി ഓർമ്മിപ്പിച്ചു.
അതെ സമയം, ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരില്‍ നിന്ന് ചെറിയ തുക മാത്രമാണ് ചികിത്സക്ക് ഈടാക്കുന്നതെന്ന് സർക്കാർ വിശദീകരിച്ചു. എന്നാൽ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 27,000 രൂപ പ്രതിമാസം ശമ്പളമുള്ള ഒരാളിൽ നിന്ന് പ്രതിദിനം മുറിവാടകയായി 700 രൂപ ഈടാക്കുന്നുണ്ട്്. അത് നൽകിക്കഴിഞ്ഞാൽ ഭക്ഷണത്തിനുള്ള പണം കണ്ടെത്താൻ അയാൾ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു.
എ.പി.എൽ വിഭാഗം കോവിഡാനന്തര ചികിത്സക്ക് നൽകേണ്ട ഫീസ് നിശ്ചയിച്ച് സർക്കാർ കഴിഞ്ഞ മാസം 16 ന് ഉത്തരവിറക്കിയിരുന്നു. സർക്കാർ ആശുപത്രിയിൽ െബഡിന് 750 രൂപ മുതൽ 2000 രൂപവരെയായിരുന്നു ഫീസ്. സ്വകാര്യ ആശുപത്രികൾക്ക് 2645 രൂപ മുതൽ 2910 വരെ ഈടാക്കാനും അനുമതി നൽകിയിരുന്നു. കോവിഡാനന്തരം ബ്ലാക് ഫംഗസ് പിടിപെട്ടവർക്കും ഈ ഉത്തരവ് ബാധകമാക്കിയിരുന്നു.
എന്നാൽ ഈ ഉത്തരവ് തിരുത്തേണ്ടതാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.