കോവിഡ് പരിശോധന നിരക്ക് കുറച്ചത് പുനഃപരിശോധിക്കണമെന്ന് ൈഹകോടതി
text_fieldsകൊച്ചി: സ്വകാര്യലാബുകളിൽ കോവിഡ് പരിശോധനക്കുള്ള ആർ.ടി-പി.സി.ആർ ടെസ്റ്റുകളുടെ നിരക്ക് 1500 രൂപയായി കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. സർക്കാർ നടപടി ചോദ്യം ചെയ്ത് ഏഴ് ലാബുകൾ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.
ആശയുടെ ഉത്തരവ്. ഹരജിക്കാരുടെ നിവേദനംകൂടി പരിഗണിച്ച് ഫീസ് നിരക്ക് സംബന്ധിച്ച് മൂന്നാഴ്ചക്കകം തീരുമാനമെടുക്കാനാണ് നിർദേശം. അതുവരെ ഹരജിക്കാർക്ക് പഴയതുപോലെ 2100 രൂപ ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. പരിശോധന നിരക്ക് 1500 ആയി കുറച്ചത് യഥാർഥ ചെലവ് പരിഗണിക്കാതെയും തങ്ങളുെട നിലപാട് തേടാതെയുമാണെന്നും ആരോപിച്ച് കോഴിക്കോട്ടെ ആർ-സെൽ ഡയഗ്നോസ്റ്റിക്സ് ആൻഡ് റിസർച് സെൻറർ, ആസ ഡയഗ്നോസ്റ്റിക്സ് സെൻറർ, അശ്വിനി ഡയഗ്നോസ്റ്റിക്സ് സർവിസ്, സരോജ് ഡയഗ്നോസ്റ്റിക്സ് ലബോറട്ടറി, എറണാകുളത്തെ മെഡിവിഷൻ സ്കാൻ ആൻഡ് ഡയഗ്നോസ്റ്റിക്സ് റിസർച്, തൃശൂർ ജീവ സ്പെഷാലിറ്റി ലബോറട്ടറി, പാലക്കാട് ഡെയ്ൻ ഡയഗ്നോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് കോടതിയെ സമീപിച്ചത്. ആദ്യം പരമാവധി ഫീസ് 4500 ആക്കി നിശ്ചയിച്ച ശേഷമാണ് രണ്ടുതവണയായി 2750ഉം 2100ഉം ആക്കി കുറച്ചതെന്ന് ഹരജിയിൽ പറയുന്നു. സർക്കാറിേൻറതിൽനിന്ന് വ്യത്യസ്തമായി പ്രത്യേക സംവിധാനങ്ങളൊരുക്കി അതിവിദഗ്ധരെ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. നിലവാരമുള്ള പരിശോധന ഉറപ്പു വരുത്താൻ ഇപ്പോൾ നിർണയിച്ച നിരക്കിെനക്കാൾ കൂടുതൽ വേണ്ടിവരും.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) നിർണയിക്കുന്ന ഫീസ് ഈടാക്കാനാണ് സുപ്രീംകോടതി നിർദേശമുള്ളത്. ഇക്കാര്യത്തിൽ സർക്കാറിന് അധികാരമില്ലെന്നും ഹരജിയിൽ പറയുന്നു.
എന്നാൽ, കിറ്റിനടക്കം വേണ്ടിവരുന്ന ചെലവുകളും മറ്റ് സംസ്ഥാനങ്ങളിലെ നിരക്കുമടക്കം പരിഗണിച്ചാണ് നിരക്ക് നിശ്ചയിച്ചതെന്നായിരുന്നു സർക്കാർ വിശദീകരണം. ലോക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയതോടെ കിറ്റ് ക്ഷാമം ഇപ്പോഴില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയവും ആരോഗ്യ ഗവേഷണവിഭാഗം സെക്രട്ടറിമാരും ഐ.സി.എം.ആർ ഡയറക്ടർ ജനറലും സ്വകാര്യ ലാബുകളിലെ പരിശോധനനിരക്ക് അന്തിമമായി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാറുകൾക്ക് നൽകിയിട്ടുണ്ട്. സർക്കാർ സംവിധാനത്തിൽ സൗജന്യ പരിശോധന നടക്കുന്നുണ്ടെങ്കിലും സ്വകാര്യലാബുകളെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ഗുണകരമാണ് നിരക്ക് കുറച്ച നടപടിയെന്നും സർക്കാർ വ്യക്തമാക്കി.
നിലവിലെ നിരക്ക് കുറക്കുന്നതിനുമുമ്പ് ലാബ് ഉടമകളുടെ നിലപാട് ആരായാതിരുന്നതിൽ ന്യായീകരണമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓൺലൈൻ ആയിട്ടാണെങ്കിൽപോലും ഹരജിക്കാരെ കൂടി കേട്ട് അന്തിമ തീരുമാനമെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.