Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാനലിനുള്ള...

ചാനലിനുള്ള പ്രവർത്തനാനുമതി സ്വാഭാവിക പുതുക്കലിന് മതിയായ അവകാശമാവില്ലെന്ന് ഹൈകോടതി

text_fields
bookmark_border
high court
cancel

കൊച്ചി: ഒരിക്കൽ പ്രവർത്തനാനുമതി ലഭിച്ചു എന്നതു കൊണ്ട് മറ്റ് ഗൗരവമായ വിഷയങ്ങൾ പരിഗണിക്കാതെ സ്വാഭാവികമായി അനുമതി പുതുക്കാനുള്ള സമ്പൂർണ അവകാശം ചാനലുകൾക്ക് കൈവരില്ലെന്ന് ഹൈകോടതി. ദേശസുരക്ഷയും രാജ്യത്തിന്‍റെ പൊതുവ്യവസ്ഥയും സുപ്രധാനമാണ്. പൗരന്മാർക്കാണ് മറ്റെന്തിനേക്കാളും പ്രാധാന്യമെന്നും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മീഡിയവൺ ചാനലിന്‍റെ അനുമതി റദ്ദാക്കിയതുമായി ബന്ധപ്പെട്ട അപ്പീലിലെ വിധിപ്പകർപ്പിലാണ് നിരീക്ഷണം.

വിദേശ സാറ്റലൈറ്റുകൾ ലഭ്യമായതോടെ കൂണുപോലെ ചാനലുകൾ മുളച്ചുപൊന്തുകയും സാംസ്കാരിക അധിനിവേശം ഉണ്ടാവുകയും നാടിന്‍റെ ശൈലികളെ മാറ്റിമറിക്കുകയും ചെയ്തപ്പോഴാണ് നിയമവും കാലാനുസൃതമായി ഭേദഗതികളുമുണ്ടായത്. സെൻസർ ചെയ്യാതെ പരിപാടികളും സർട്ടിഫിക്കറ്റില്ലാത്ത സിനിമകളും ദേശവിരുദ്ധ ശക്തികളാൽ ദേശീയ താൽപര്യം ഹനിക്കുന്ന ആശാസ്യമല്ലാത്ത വിഷയങ്ങളും കാഴ്ചക്കാരിലേക്ക് എത്തുന്നത് തടയിടാനാണ് 1995ലെ ടെലിവിഷൻ നെറ്റ്വർക്സ് (റെഗുലേഷൻ) ആക്ട് കൊണ്ടുവന്നത്. കാഴ്ചക്കാരുടെയും കേബ്ൾ ഓപറേറ്റർമാരുടെയും നെറ്റ്വർക്കുകളുടെയുംകൂടി താൽപര്യസംരക്ഷണവും സാങ്കേതികതയിലും ഉള്ളടക്കത്തിലുമുള്ള മികവുംകൂടി അപ്പോൾ ലക്ഷ്യമിട്ടിട്ടുണ്ട്. എങ്കിലും ദേശതാൽപര്യം സംരക്ഷിക്കാൻ കേന്ദ്ര സർക്കാറിന് അധികാരം നൽകുന്നതുകൂടിയാണ് 1995ലെ നിയമം.

അനുമതി മാനദണ്ഡങ്ങളുടെ ഉള്ളടക്കത്തിനപ്പുറം രാഷ്ട്രതാൽപര്യത്തിന് വിരുദ്ധമായ നടപടികളുണ്ടായാൽ ചാനലിന്‍റെ അനുമതി റദ്ദാക്കാനുള്ള അധികാരം സർക്കാറിനുതന്നെയാണെന്നതിനാൽ ഒരിക്കൽ ലഭിച്ച അനുമതി പുതുക്കി ലഭിക്കാനും അർഹതയുണ്ടെന്ന വാദം നിലനിൽക്കില്ല. 2021 സെപ്റ്റംബറിൽ മീഡിയവൺ ചാനലിന്‍റെ അനുമതി കാലാവധി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ചാനലിന് അനുമതി നൽകുന്നതും പുതുക്കുന്നതുമായി ബന്ധപ്പെട്ട വാർത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിന്‍റെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെയും മാനദണ്ഡങ്ങൾ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണ്. പുതുക്കാൻ നൽകിയ അപേക്ഷ സുരക്ഷ ക്ലിയറൻസിനുവേണ്ടി ആഭ്യന്തര മന്ത്രാലയത്തിന് അയക്കുകയും ക്ലിയറൻസ് നിഷേധിച്ചപ്പോൾ അനുമതി റദ്ദാക്കാതിരിക്കാൻ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. അതിന് കമ്പനി മറുപടിയും നൽകി. 2011 സെപ്റ്റംബർ 30ന് വിവര പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച കത്തിൽ ചാനൽ പ്രവർത്തനത്തിലെ സുരക്ഷാവിഷയങ്ങളുമായി ബന്ധപ്പെട്ട ഉപാധികൾ പറയുന്നുണ്ട്.

അനിവാര്യമായ സമയത്ത് നിയന്ത്രണം കൊണ്ടുവരാൻ ലൈസൻസിങ് അധികൃതർക്ക് അധികാരമുണ്ടെന്ന് ഇതിൽ പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാറിന് മാധ്യമസ്വാതന്ത്ര്യത്തിൽ ഇടപെടാനാവില്ലെങ്കിലും ദേശസുരക്ഷയുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ നിയന്ത്രണങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി.

കോടതിയിൽ മുദ്രവെച്ച കവറിൽ സമർപ്പിച്ച രേഖകൾ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരെ പുകമറയിൽ നിർത്തി പുറപ്പെടുവിച്ച വിധിയാണ് സിംഗ്ൾ ബെഞ്ചിൽനിന്നുണ്ടായതെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, വിഷയം രാജ്യസുരക്ഷാഭീഷണിയടക്കം ഗൗരവമുള്ളതും രഹസ്യസ്വഭാവത്തിലുള്ളതുമാണെങ്കിൽ കാരണം കാണിക്കൽ നോട്ടീസിലോ അന്തിമ ഉത്തരവിലോ കാരണങ്ങൾ ചൂണ്ടിക്കാട്ടേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം.

കൂടുതൽ വെളിപ്പെടുത്തൽ അസാധ്യം

കൊച്ചി: മീഡിയ വൺ കേസിൽ ലഭിച്ച ഫയലുകളിൽനിന്ന് ആരോപണത്തിന്‍റെ സ്വഭാവവും ആഴവും സംബന്ധിച്ച പൂർണ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും രാജ്യസുരക്ഷയെയും പൊതുക്രമത്തെയും ബാധിക്കുന്ന ചില കാര്യങ്ങൾ ഉണ്ടെന്ന സൂചനയുണ്ടെന്ന് കോടതി പറഞ്ഞു. ആഭ്യന്തര വകുപ്പിന്‍റെ കൈവശം സൂക്ഷിക്കേണ്ട അതീവ രഹസ്യസ്വഭാവമുള്ള ഫയലായതിനാൽ ദേശസുരക്ഷയും പൊതുവ്യവസ്ഥയുമടക്കം രാജ്യ ഭരണവുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ കണക്കിലെടുത്ത് കൂടുതൽ വെളിപ്പെടുത്തൽ സാധ്യമല്ല. മാധ്യമ സ്വാതന്ത്ര്യം അനുവദിക്കപ്പെടുമ്പോഴും രാജ്യ സുരക്ഷയെയും പൊതുവ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യത്തിൽ ചില നിയന്ത്രണങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി.

1995ലെ ടെലിവിഷൻ നെറ്റ്വർക്സ് (റെഗുലേഷൻ) ആക്ട് പ്രകാരം പരിഗണിക്കുമ്പോൾ ദേശതാൽപര്യത്തിനാണ് പ്രഥമ പ്രാധാന്യം നൽകേണ്ടത്. അത്തരത്തിലുള്ള വ്യാഖ്യാനമാണ് നിയമത്തിന് നൽകേണ്ടതും. ടെലികാസ്റ്റിങ് കമ്പനിയുടെ താൽപര്യത്തെക്കാൾ രാജ്യത്തിന്‍റെയും പൗരന്മാരുടെയും താൽപര്യം സംരക്ഷിക്കാൻ കേന്ദ്രസർക്കാറിന് അധികാരം നൽകുന്നതാണ് 1995ലെ നിയമത്തിലെ 19, 20 വകുപ്പുകൾ. തങ്ങളുടെ മുന്നിലെ രഹസ്യ വിവരങ്ങളടങ്ങുന്ന ഫയലിലെ ഉള്ളടക്കവും ഇത്തരം സുപ്രധാന കാര്യങ്ങളും പരിഗണിച്ചാൽ കേന്ദ്രസർക്കാർ ഉത്തരവിൽ ഇടപെടാതിരുന്ന സിംഗിൾ ബെഞ്ച് നടപടിയിൽ തെറ്റില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സിംഗിൾ ബെഞ്ച് വിധിയിൽ അപാകതയുള്ളതായി ചൂണ്ടിക്കാട്ടാൻ ഹരജിക്കാർക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:media one ban
News Summary - High Court held that the operating license of the channel was not sufficient for natural renewal
Next Story