ശരീര പരിശോധനയിൽ ലഹരിമരുന്ന് പിടിച്ചെടുത്തതിന്റെ പേരിൽ ലഹരിക്കടത്തിന് വാഹനം ഉപയോഗിച്ചെന്ന് പറയാനാവില്ല -ഹൈകോടതി
text_fieldsകൊച്ചി: വാഹനം ഓടിക്കുന്നയാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തിയെന്നതിന്റെ പേരിൽ ലഹരിക്കടത്തിന് വാഹനം ഉപയോഗിച്ചെന്ന് പറയാനാവില്ലെന്ന് ഹൈകോടതി. ലഹരിമരുന്ന് കടത്താൻ വാഹനം ഉപയോഗിച്ചുവെന്ന് സ്ഥാപിക്കണമെങ്കിൽ മറ്റ് വസ്തുതകളും ആവശ്യമുണ്ട്. സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിനെത്തുടർന്ന് ഒറ്റക്ക് യാത്ര ചെയ്യുന്നയാളിൽനിന്നായാലും ലഹരിമരുന്ന് കണ്ടെടുത്തുവെന്നതിന്റെ പേരിൽ അത് കടത്താൻ വാഹനം ഉപയോഗിച്ചുവെന്ന നിഗമനത്തിലെത്താനാവില്ല. വാഹനത്തിൽ യാത്ര ചെയ്തയാളുടെ ശരീരത്തിൽ ലഹരി മരുന്ന് രഹസ്യമായി ഒളിപ്പിച്ചിരുന്നെന്നാണ് ഇത്തരം സാഹചര്യത്തിൽ കണക്കാക്കേണ്ടതെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത കാറിന്റെ ഇടക്കാല കസ്റ്റഡി ആവശ്യപ്പെട്ട് കാറുടമ കുന്നംകുളം സ്വദേശി സി.സി. വിൽസൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പ്രതിയിൽനിന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് കടത്താൻ ഈ വാഹനം ഉപയോഗിച്ചെന്ന് വിലയിരുത്തി വാഹനം വിട്ടുകിട്ടാനുള്ള വിൽസന്റെ ആവശ്യം പ്രത്യേക കോടതി തള്ളിയിരുന്നു.ഒരു ലക്ഷം രൂപയുടെ ബോണ്ടിലും സമാന തുകക്കുള്ള രണ്ടുപേരുടെ ജാമ്യത്തിലും കാർ വിട്ടുകൊടുക്കാൻ സിംഗിൾ ബെഞ്ച് പ്രത്യേക കോടതിക്ക് നിർദേശം നൽകി. ഒറിജിനൽ ആർ.സി ബുക്ക്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, മുന്നിലും പിന്നിലുമുള്ള നമ്പർ വ്യക്തമാക്കുന്ന ഫോട്ടോ എന്നിവ ഉൾപ്പെടെ പ്രത്യേക കോടതിക്ക് മുന്നിൽ പരിശോധനക്ക് ഹാജരാക്കണം, ആവശ്യപ്പെടുമ്പോൾ വാഹനം ഹാജരാക്കുമെന്ന ഉറപ്പുവരുത്തണം തുടങ്ങിയ ഉപാധികളും കോടതി നിർദേശിച്ചു. ഹരജി തീർപ്പാകാതെയോ പ്രത്യേക കോടതിയുടെ മുൻകൂർ അനുമതിയില്ലാതെയോ കാർ വിൽക്കില്ലെന്ന സത്യവാങ്മൂലം നൽകാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.