ചാൻസലറോട് ഹൈകോടതി വി.സി. ചുമതലയിൽ സിസ തോമസിനെ എങ്ങനെ കണ്ടെത്തി ?
text_fieldsകൊച്ചി: സർക്കാർ ശിപാർശകൾ പരിഗണിക്കാതെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല നൽകാൻ ഡോ. സിസ തോമസിനെ ചാൻസലർ കൂടിയായ ഗവർണർ കണ്ടെത്തിയത് എങ്ങനെയെന്ന് ഹൈകോടതി. മറ്റ് സർവകലാശാലകളുടെ വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർമാർക്ക് താൽക്കാലിക ചുമതല കൈമാറാതിരുന്നത് എന്തുകൊണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. ഇക്കാര്യത്തിൽ ചാൻസലർക്ക് അധിക സത്യവാങ്മൂലം നൽകാമെന്നും പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയന്റ് ഡയറക്ടറായ ഡോ. സിസ തോമസിനെ ഏകപക്ഷീയമായി വി.സിയായി നിയമിച്ച ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
സുപ്രീംകോടതി ഉത്തരവിലൂടെ ഡോ. എം.എസ്. രാജശ്രീ പുറത്തായതോടെ പകരം ചുമതല ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന് നൽകണമെന്ന ശിപാർശ സർക്കാർ നൽകിയെങ്കിലും സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇതിന് തടസ്സമുണ്ടെന്ന് ചാൻസലർ മറുപടി നൽകിയതായി അഡ്വക്കറ്റ് ജനറൽ അറിയിച്ചു. തുടർന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പ്രതികരിക്കുകപോലും ചെയ്യാതെ ഡോ. സിസ തോമസിന് ചുമതല നൽകുകയായിരുന്നു.
എന്നാൽ, വി.സിയുടെ താൽക്കാലിക ഒഴിവുണ്ടായാൽ മറ്റേതെങ്കിലും സർവകലാശാല വി.സിക്കോ പി.വി.സിമാർക്കോ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കോ ചുമതല നൽകുന്നത് സംബന്ധിച്ച ശിപാർശ മാത്രമേ സർക്കാറിന്റേതായി ചാൻസലർക്ക് പരിഗണിക്കേണ്ടതുള്ളൂവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. ഡിജിറ്റൽ സർവകലാശാല വി.സിയുടെ നിയമനവും സംശയനിഴലിലാണ്. പി.വി.സിയുടെ പേര് സർക്കാർ ശിപാർശ ചെയ്തിരുന്നില്ല. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് അക്കാദമിക് യോഗ്യതയില്ല. ഇവരുടേതല്ലാതെ സർക്കാർ ഭാഗത്തുനിന്ന് മറ്റ് ശിപാർശകളുണ്ടായിരുന്നില്ല. അതിനാൽ സർക്കാർ ശിപാർശയില്ലാതെ ചാൻസലർക്ക് തീരുമാനമെടുക്കാം. പ്രിൻസിപ്പൽ സെക്രട്ടറിയെ നിയമിക്കണമെന്ന ശിപാർശയിൽ പ്രതികരിച്ചില്ലെന്നും കോടതിയുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.
സർക്കാർ-ചാൻസലർ പോര് നിർഭാഗ്യകരം
ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി, വിദ്യാർഥികളെ മറന്ന് സർവകലാശാലയുടെ കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന് പറഞ്ഞു. സർക്കാറും ചാൻസലറും പരസ്പരം പോരടിക്കുന്നത് നിർഭാഗ്യകരമാണ്. വിദ്യാർഥികളെയാണ് ഇത് ബാധിക്കുക. ഇങ്ങനെ അധികകാലം മുന്നോട്ട് പോകാനാവില്ല. ഒരു ദിവസത്തേക്കായാലും അഞ്ചു വർഷത്തേക്കായാലും വി.സിയായി നിയമിക്കപ്പെടുന്നയാൾക്ക് മതിയായ യോഗ്യത അനിവാര്യമാണെന്നും കോടതി കൂട്ടിച്ചേർത്തു.
തന്നെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും നാലായിരത്തോളം ബിരുദ സർട്ടിഫിക്കറ്റുകൾ ഒപ്പിടാനുണ്ടെന്നുമുള്ള ഡോ. സിസ തോമസിന്റെ വാദം സർവകലാശാല രജിസ്ട്രാർ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.