ഹൈകോടതി വിധിന്യായങ്ങൾ ഇനി മലയാളത്തിലും
text_fieldsകൊച്ചി: കേരള ഹൈകോടതിയുടെ വിധിന്യായങ്ങൾ ഇനി മലയാളത്തിലും ലഭ്യം. പ്രാദേശിക ഭാഷയിലും വിധിന്യായങ്ങൾ ലഭ്യമാക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്‍റ കൂടി അടിസ്ഥാനത്തിലാണിത്.
ആദ്യ ഘട്ടമെന്ന നിലയിൽ മാതൃഭാഷാ ദിനമായ ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ രണ്ടു വിധികൾ മലയാളത്തിൽ പുറത്തിറങ്ങി. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ തടയണയും വാഹനം വാങ്ങാൻ വായ്‌പ നൽകിയതുമായും ബന്ധപ്പെട്ട കേസുകളിലെ വിധിന്യായങ്ങളാണ് മലയാളത്തിലിറങ്ങിയത്.
ആദ്യമായാണ് രാജ്യത്ത് ഒരു ഹൈകോടതി പ്രാദേശിക ഭാഷയിൽ വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നത്. ഹൈകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇംഗ്ലീഷ് വിധിന്യായത്തിനൊപ്പമാണ് മലയാളവും പ്രസിദ്ധീകരിച്ചത്.
സുവാസ് എന്ന സോഫ്‌ട്‌വെയറിന്‍റെ സഹായത്തോടെയാണ് ഇംഗ്ലീഷ് ഉത്തരവുകൾ പരിഭാഷപ്പെടുത്തുന്നത്. ഇത് പരിശോധിച്ച് പിഴവുകളില്ലെന്ന് ഉറപ്പുവരുത്തി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് ഹൈകോടതി സാങ്കേതിക സമിതിയുടെ തീരുമാനം.
കോടതി നടപടികൾ കമ്പ്യൂട്ടർവത്കരിക്കുന്നതുമായി ബന്ധപ്പെട്ട ഇ-ഗവേണൻസ് പദ്ധതിയിൽ രാജ്യത്ത് മികവ് പുലർത്തിയതിന് ഹൈകോടതിക്ക് പ്രത്യേക പുരസ്‌കാരം ലഭിച്ചിരുന്നു. 80,000 മുതൽ ഒരു ലക്ഷം വരെ കേസുകൾ വർഷംതോറും തീർപ്പാക്കാനുള്ളതിന് പുറമെ 18 ലക്ഷത്തോളം പഴയ ഉത്തരവുകളും മലയാളത്തിലേക്ക് മൊഴി മാറ്റേണ്ടിവരും. അതിനാൽ, കൂടുതൽ ജീവനക്കാരെ നിയോഗിക്കേണ്ടിവരുമെന്നാണ് ഐ.ടി വിഭാഗത്തിന്‍റെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.