ഭൂമി ഏറ്റെടുക്കൽ ഒറ്റ പദ്ധതിക്കെങ്കിൽ ഒരേ നഷ്ടപരിഹാരം നൽകണമെന്ന് ഹൈകോടതി; സബ് കോടതി ഉത്തരവ് റദ്ദാക്കി
text_fieldsകൊച്ചി: വ്യത്യസ്ത തരത്തിലും സ്വഭാവത്തിലുമുള്ള ഭൂമിയാണെങ്കിലും ഒരേ പദ്ധതിക്കായാണ് ഏറ്റെടുക്കുന്നതെങ്കിൽ ഏകീകൃത നഷ്ടപരിഹാരത്തിന് ഉടമകൾക്ക് അർഹതയുണ്ടെന്ന് ഹൈകോടതി. ഒരേ ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ വിവിധ തരത്തിലുള്ള ഭൂമിക്ക് വ്യത്യസ്ത വിലനിലവാരം ബാധകമല്ല. ഇത്തരം നടപടി ഭരണഘടനാവിരുദ്ധമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതെന്നും ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിനായി ഏറ്റെടുത്ത ഭൂമിക്ക് ഉടമകൾക്ക് നൽകിയ നഷ്ടപരിഹാരത്തുക ഉയർത്തി അനുവദിച്ച ഉത്തരവിലാണ് നിരീക്ഷണം. ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിനായി കുന്നത്തുനാട് വില്ലേജിൽ ഏറ്റെടുത്ത 100 ഏക്കർ ഭൂമിയുടെ ഉടമസ്ഥർ നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്. ഒരേ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് ഏകീകൃതമായാണ് വില നിശ്ചയിക്കേണ്ടത്. ഏറ്റെടുക്കുന്ന ഭൂമിയിൽ കെട്ടിടവും അടിസ്ഥാന സൗകര്യവും ഒരേ നിലവാരത്തിലൊരുക്കി വിവിധ ഐ.ടി സ്ഥാപനങ്ങൾക്ക് ലീസിന് നൽകലാണ് ലക്ഷ്യം. ഈ സാഹചര്യത്തിൽ ഒരു ആറിന് (2.47 സെന്റ്) 7,06,745 രൂപ വീതം ലഭിക്കാൻ അപ്പീൽ ഹരജിക്കാർ അർഹരാണെന്ന് കോടതി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ആനുകൂല്യങ്ങൾക്കും ഇവർ അർഹരാണെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് സബ് കോടതി ഉത്തരവ് റദ്ദാക്കി.
ഭൂമി ഏറ്റെടുക്കൽ നിയമം 1894 പ്രകാരം 2007ൽ വിജ്ഞാപനം പുറപ്പെടുവിച്ചാണ് ഭൂമി സർക്കാർ ഏറ്റെടുത്തത്. അന്ന് സർക്കാർ നിശ്ചയിച്ച തുകക്ക് ചിലർ ഭൂമി വിട്ടുനൽകി. എന്നാൽ, നഷ്ടപരിഹാരം കുറഞ്ഞതിന്റെ പേരിൽ ഇവരടക്കം ഭൂവുടമകൾ കോടതിയെ സമീപിച്ചു. ഹരജി കാലഹരണപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സബ്കോടതി തള്ളി. തുടർന്നാണ് ഉടമകൾ ഹൈകോടതിയെ സമീപിച്ചത്. 34 ഭൂവുടമകളാണ് അപ്പീൽ നൽകിയത്. നികത്ത് ഭൂമിയും നിലവും കരഭൂമിയുമടക്കം വിവിധ തരത്തിലുള്ള ഭൂ പ്രദേശങ്ങളാണ് പദ്ധതിക്കുവേണ്ടി ഏറ്റെടുത്തതെന്നും മുമ്പ് നടന്ന വിൽപന പരിശോധിച്ച് ഓരോന്നിന്റെയും വില കണക്കാക്കിയാണ് തുക വ്യത്യസ്തമായി അനുവദിച്ചതെന്നുമായിരുന്നു എതിർകക്ഷികളുടെ വാദം. എന്നാൽ, ഈ വാദം നിലനിൽക്കുന്നതല്ലെന്ന് സുപ്രീം കോടതി വിധിയടക്കം ഉദ്ധരിച്ച് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.