അട്ടപ്പാടി: മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ഹൈകോടതി തടഞ്ഞു
text_fieldsകൊച്ചി: അട്ടപ്പാടിയിൽ തണ്ടർ ബോൾട്ട് കമാൻഡോകളുടെ വെടിയേറ്റുമരിച്ച മാവോവാദികള ായ മണിവാസകം, കണ്ണൻ എന്ന കാർത്തി എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഹൈകോടതി തടഞ്ഞു. മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകിയ പാലക്കാട് സെഷൻസ് കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് മണിവാസകത്തിെൻറ സഹോദരി ലക്ഷ്മി, കാർത്തിയുടെ സഹോദരൻ മുരുകേശൻ എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ആർ. നാരായണ പിഷാരടിയുടെ ഇടക്കാല ഉത്തരവ്. മേലേ മഞ്ചക്കണ്ടി വനത്തിൽ ഇവർ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാെണന്ന് പറയുന്ന ഹരജിക്കാർ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നു.
ഒക്ടോബർ 28ന് തണ്ടർ ബോൾട്ട് കമാൻഡോകളുടെ വെടിയേറ്റ് കണ്ണൻ എന്ന കാർത്തിയും ഒരുസ്ത്രീയും ഉൾപ്പെടെ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിനെത്തുടർന്നാണെന്നാണ് പൊലീസ് ഭാഷ്യമെന്ന് ഹരജിയിൽ പറയുന്നു. പിറ്റേന്ന് മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് തയാറാക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ മണിവാസകം കൊല്ലപ്പെട്ടെന്നും പൊലീസ് പറയുന്നു. മണിവാസകത്തിെൻറ രണ്ടുകാലും ഒടിഞ്ഞ നിലയിലായിരുന്നു. എന്നാൽ, വീണ് പരിക്കേറ്റ പാടുകളൊന്നും ദേഹത്തില്ല. ഏറ്റുമുട്ടൽ കൊലപാതകമുണ്ടായാൽ തോക്കുകൾ പിടിച്ചെടുക്കണമെന്നും പൊലീസുകാർക്കെതിരെ കേസെടുക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് പാലിച്ചിട്ടില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
ആയുധം കണ്ടെടുത്ത് പൊലീസിനെതിരെ കേസെടുത്തിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു സർക്കാർ അഭിഭാഷകെൻറ മറുപടി. സംസ്കാരം നടത്തിയോ എന്ന ചോദ്യത്തിനും ഇല്ലെന്ന് മറുപടി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകാതെ ലഭിക്കുമെന്ന് പറഞ്ഞപ്പോൾ നടപടികൾ വേഗത്തിലാക്കണമെന്ന് കോടതി നിർദേശിച്ചു. മൃതദേഹം സൂക്ഷിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ ജീർണിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ വിശദീകരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ ജീർണിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തുടർ ഉത്തരവില്ലാതെ സംസ്കരിക്കരുത്. പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് അടക്കം കേസിെൻറ രേഖകൾ േകസ് പരിഗണിക്കുന്ന ഈ മാസം എട്ടിന് ഹാജരാക്കാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.