Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹേമ കമ്മിറ്റി...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈകോടതി; ഹരജി തള്ളി

text_fields
bookmark_border
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈകോടതി; ഹരജി തള്ളി
cancel

കൊച്ചി: സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈകോടതി. റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്. 2019ൽ കൈമാറിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരുന്നതിനെ തുടർന്ന് മാധ്യമ പ്രവർത്തകർ അടക്കം നൽകിയ അപേക്ഷയിൽ സ്വകാര്യതക്ക് ഭംഗം വരുന്ന ഭാഗം ഒഴിവാക്കി റിപ്പോർട്ട് നൽകാൻ വിവരാവകാശ കമീഷൻ ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന് റിപ്പോർട്ട് പുറത്തുവിടാനിരുന്ന ദിവസമാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ച് സ്റ്റേ നേടിയത്.

മറച്ചുവെച്ച് നൽകിയാലും മൊഴി നൽകിയവരെ തിരിച്ചറിയാൻ സാധ്യതയുണ്ടെന്നായിരുന്നു ഹരജിയിലെ വാദം. എന്നാൽ, വിവരാവകാശ നിയമപ്രകാരം അനുവദനീയമായ ഭാഗം മാത്രമാണ് അപേക്ഷകൻ ആവശ്യപ്പെട്ടിരുന്നതെന്നും അത് നിഷേധിക്കാനാവില്ലെന്നും ഹരജി നിലനിൽക്കില്ലെന്നും വിവരാവകാശ കമീഷൻ വ്യക്തമാക്കി. സംഭവവുമായി ബന്ധമില്ലാത്ത ഹരജിക്കാരന് ഇത്തരമൊരു ഹരജി നൽകാനാവില്ലെന്ന് സർക്കാറും സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടണമെന്നും അതിനായി റിപ്പോർട്ട് പുറത്തുവിടണമെന്നും വിമൻ ഇൻ സിനിമ കലക്ടിവും വ്യക്തമാക്കി.

റിപ്പോർട്ട്‌ പുറത്തു വിടുന്നത് ഹരജിക്കാരനെ നിയമപരമായി അടക്കം എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കാനാവാത്ത സാഹചര്യത്തിൽ ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തി. അഴിമതിയിൽനിന്നും മറ്റും സമൂഹത്തെ രക്ഷിക്കാനുള്ള സംവിധാനമാണ് വിവരാവകാശ നിയമം. സ്വകാര്യ സംരക്ഷണ നിയമമാകട്ടെ ആരോഗ്യകരമല്ലാതെ മറ്റൊരാളുടെ സ്വകാര്യവും വ്യക്തിപരവുമായ സംഗതികളെ പൊതുവിടങ്ങളിലെത്തുന്നത് തടയാനുള്ളതാണ്. വ്യക്തികളുടെ സ്വകാര്യത പുറത്തു പോവാതിരിക്കാനാവശ്യമായ നിർദേശങ്ങൾ വിവരാവകാശ കമീഷൻ ഉത്തരവിൽതന്നെ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ രണ്ട് നിയമങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഈ വിഷയത്തിൽ ഇല്ല.

വിവരാവകാശ കമീഷൻ ജുഡീഷ്യൽ, അർധ ജുഡീഷ്യൽ സംവിധാനത്തിലുള്ളതല്ലാത്തതിനാൽ ഒരിക്കൽ പരിഗണിച്ച് തള്ളിയ വിഷയം സാഹചര്യവും മറ്റും മാറുമ്പോൾ വീണ്ടും പരിഗണിച്ച് വ്യത്യസ്ത രീതിയിൽ തീർപ്പ് കൽപിക്കുന്നതിൽ നിയമപരമായ തടസ്സമില്ല. 2022 ഒക്ടോബറിൽ ആദ്യ അപേക്ഷ തള്ളിയതാണെന്നായിരുന്നു ഹരജിയിലെ വാദം. ഹേമ കമീഷൻ റിപ്പോർട്ടിന്മേൽ സർക്കാറിന് നടപടിയെടുക്കാൻ പൊതു ചർച്ചയിൽ നിന്ന് രൂപപ്പെടുന്ന വിവരങ്ങളും ആവശ്യമാണ്. ഇതിന് റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടത് അനിവാര്യമാണ്. ഇത്തരമൊരു ചർച്ചയുണ്ടാക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്.

രാഷ്ട്ര നിർമാണത്തിൽ മാധ്യമങ്ങളുടെ പങ്ക് സംബന്ധിച്ച തെറ്റിദ്ധാരണയിൽനിന്നാണ് മാധ്യമങ്ങളിൽ റിപ്പോർട്ട് വരുന്നത് വ്യക്തിഹത്യക്ക് കാരണമാകുമെന്ന ആശങ്കക്ക് കാരണം. ആരുടെയും സ്വകാര്യത ഹനിക്കപ്പെടാത്തതിനാൽ ഇത്തരം ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് ഹരജി തള്ളുകയായിരുന്നു. ഉത്തരവ് നടപ്പാക്കാനായി കമീഷൻ നിർദേശിച്ച തീയതി ഒരാഴ്ചത്തേക്ക് നീട്ടുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam cinemaHigh CourtHema commission report
News Summary - High Court may release Hema Committee report; Petition dismissed
Next Story