ഫോറസ്റ്റ് ട്രൈബ്യൂണൽ വിട്ടുകൊടുക്കാൻ ഉത്തരവിട്ട 500 ഏക്കർ വനഭൂമി കൈമാറരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: സ്വകാര്യ വ്യക്തികൾക്ക് വിട്ടുകൊടുക്കാൻ ഫോറസ്റ്റ് ട്രൈബ്യൂണൽ ഉത്തരവിട്ട പാലക്കാട് അഗളി കാഞ്ഞിരപ്പുഴ മേഖലയിലെ 500 ഏക്കറോളം വനഭൂമി കൈമാറരുതെന്ന് ഹൈകോടതി. ഈ സ്ഥലം വനഭൂമിയാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. ഈ വനഭൂമി സംരക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.
ഭൂമി കൈമാറ്റ കരാറിന്‍റെ അടിസ്ഥാനത്തിൽ മഞ്ചേരി ഫോറസ്റ്റ് ട്രൈബ്യൂണലാണ് ഭൂമി കൈമാറാൻ 1977ലും 1979ലും ഉത്തരവിട്ടത്.
ഭൂമിയുടെ ഉടമസ്ഥരായിരുന്ന മണ്ണാർക്കാട്ട് മൂപ്പിൽ നായരും എം. ഉലഹന്നാനും മറ്റ് ഒമ്പത് പേരും തമ്മിൽ 1956 നവംബർ 13നാണ് 500 ഏക്കർ ഭൂമി പത്ത് പേർക്ക് കൈമാറാൻ പട്ടക്കരാർ ഉണ്ടാക്കിയത്. ഈ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കരാറുകാരുടെ പിന്മുറക്കാർ ഹൈകോടതിയെ സമീപിച്ചു.
എന്നാൽ, പാട്ടക്കരാർ നിയമപരമായി നിലനിൽക്കില്ലെന്ന് 1960ൽ ഒറ്റപ്പാലം സിവിൽ കോടതി വ്യക്തമാക്കിയിരുന്നെന്നും ഇതു മറച്ചുവെച്ചാണ് ഹരജിക്കാർ ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്നതെന്നും ചൂണ്ടിക്കാട്ടി വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന ഹരജി നൽകി.
തുടർന്ന് തർക്ക ഭൂമിയുടെ സ്വഭാവം വിലയിരുത്താൻ ഹൈകോടതി വെർച്വൽ മോഡിൽ പരിശോധനയും നടത്തിയിരുന്നു.
ഇതിനു ശേഷമാണ് 500 ഏക്കർ വനഭൂമിയാണെന്നും സംരക്ഷിക്കണമെന്നും കോടതി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.