കത്ത് വിവാദം: ആര്യ രാജേന്ദ്രന് ഹൈകോടതിയുടെ നോട്ടീസ്
text_fieldsകൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ വിവാദ കത്ത് സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ മേയർ ആര്യ രാജേന്ദ്രനടക്കം ഹൈകോടതിയുടെ നോട്ടീസ്. കോർപറേഷനിലെ ഒഴിവുകൾ നികത്താൻ പാർട്ടി അംഗങ്ങളുടെ പേര് നൽകാൻ ആവശ്യപ്പെട്ട് സി.പി.എം ജില്ല സെക്രട്ടറിക്ക് മേയറുടെ ലെറ്റർപാഡിൽ കത്തയച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കൗൺസിലർ ജി.എസ്. ശ്രീകുമാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബു നോട്ടീസ് അയക്കാൻ ഉത്തരവായത്.
എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിനും സർക്കാറിനും സി.ബി.ഐക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, എതിർകക്ഷികളോട് വിശദീകരണം തേടി. ഹരജി വീണ്ടും നവംബർ 25ന് പരിഗണിക്കാൻ മാറ്റി.
വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം അന്വേഷിക്കാനിടയില്ലെന്നും സി.ബി.ഐയെ ഏൽപിക്കുന്നില്ലെങ്കിൽ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നുമടക്കം ആവശ്യപ്പെട്ടാണ് ഹരജി. കേസെടുത്തിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇത് ആരോപണം മാത്രമാണെന്നും പരിശോധിച്ചു വരുകയാണെന്നുമായിരുന്നു സർക്കാർ വിശദീകരണം. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും പറഞ്ഞു.
തുടർന്നാണ് സർക്കാർ എതിർത്തെങ്കിലും മേയർക്കടക്കം നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചത്. ആരോപണം മേയർക്കെതിരെ ആയതിനാൽ അവരുടെ വിശദീകരണം കേൾക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. നഗരസഭ ആരോഗ്യവിഭാഗത്തിലെ ഒഴിവുകളിലേക്കാണ് പാർട്ടി പ്രവർത്തകരുടെ പട്ടികതേടി കത്തയച്ചതെന്നാണ് ഹരജിയിലെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.