മുദ്രപ്പത്ര ക്ഷാമം: സർക്കാറിന് ഹൈകോടതി നോട്ടീസ്
text_fieldsകൊച്ചി: മുദ്രപ്പത്ര ക്ഷാമം പരിഹരിക്കാൻ നടപടിയാവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിൽ ഹൈകോടതി സർക്കാറടക്കം എതിർകക്ഷികൾക്ക് നോട്ടീസ് ഉത്തരവായി. ചെറിയ തുകക്കുള്ള സ്റ്റാമ്പ് പേപ്പറുകൾ ലഭ്യമല്ലാത്തത് ആവശ്യക്കാർക്ക് അധിക ബാധ്യതയുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി അഭിഭാഷകനായ പി. ജ്യോതിഷ് നൽകിയ ഹരജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹരജി സെപ്റ്റംബർ നാലിന് വീണ്ടും പരിഗണിക്കും.
മുദ്രപ്പത്ര ക്ഷാമം പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയെങ്കിലും സ്റ്റാമ്പ് പേപ്പറുകൾ പ്രിന്റ് ചെയ്യുന്ന നാസിക് പ്രസ്സിലേക്ക് സംസ്ഥാന സർക്കാർ ആറുമാസമായി ഓർഡർ കൊടുത്തിട്ടില്ലെന്ന വിവരാവകാശ രേഖയടക്കം ഹാജരാക്കിയാണ് ഹരജി നൽകിയിരിക്കുന്നത്. 500 രൂപക്ക് താഴെയുള്ള സ്റ്റാമ്പ് പേപ്പറുകൾ ലഭ്യമല്ലാത്ത അവസ്ഥയാണ്.
ജനന-മരണ സർട്ടിഫിക്കറ്റുകൾ, ബോണ്ടുകൾ, സെയിൽ സർട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങൾക്ക് നൂറുരൂപ വരെയുള്ള മുദ്രപ്പത്രങ്ങളാണ് വേണ്ടത്. കുറഞ്ഞ തുകയുടെ മുദ്രപ്പത്രങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാരും. ഇവ ലഭ്യമല്ലാത്തതിനാൽ ഉയർന്ന തുകയുടെ മുദ്രപ്പത്രങ്ങൾ ഉപയോഗിക്കാൻ ആവശ്യക്കാർ നിർബന്ധിതരാവുകയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.