ഉരുൾ ദുരന്തം പുനരധിവാസം എന്ന് തുടങ്ങും; എന്ന് തീർക്കും
text_fieldsകൊച്ചി: വയനാട് ഉരുൾദുരന്തത്തെ തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങൾ എന്ന് തുടങ്ങി എന്ന് അവസാനിക്കുമെന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി. കേന്ദ്ര സർക്കാർ വായ്പയായി അനുവദിച്ച 529.5 കോടി രൂപയുടെ വിനിയോഗവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ആശങ്ക സത്യവാങ്മൂലമായി സമർപ്പിക്കണം. ഉരുൾപൊട്ടലിനെ തുടർന്ന് ചൂരൽമല -മുണ്ടക്കൈ മേഖലയിൽ നദിയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുന്ന ജോലികൾ സംബന്ധിച്ച സമയക്രമം അറിയിക്കാൻ ദുരന്ത നിവാരണ അതോറിറ്റിക്കും നിർദേശം നൽകി. വിഷയം വീണ്ടും പരിഗണിക്കുന്ന മാർച്ച് മൂന്നിന് മുമ്പ് വിവരങ്ങൾ നൽകാനും പുനരധിവാസവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെ കോടതി ആവശ്യപ്പെട്ടു.
കേന്ദ്രം വായ്പയായി അനുവദിച്ച തുകയുടെ വിനിയോഗ സർട്ടിഫിക്കറ്റ് മാർച്ച് 31നകം നൽകണമെന്ന ഉപാധി വെച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാറിന്റെ വ്യക്തത തേടിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാറിന് വേണ്ടി അഡ്വക്കറ്റ് ജനറൽ അറിയിച്ചു. എന്നാൽ, ഇത് സംബന്ധിച്ച രേഖകൾ വെള്ളിയാഴ്ചയാണ് കോടതിയിൽ സമർപ്പിച്ചതെന്ന് കോടതി പറഞ്ഞു. കേന്ദ്ര സർക്കാർ അഭിഭാഷകനും ഇത് കൈമാറിയിരുന്നില്ല. വിവരങ്ങൾ നേരത്തെ അറിയിക്കാത്തതിനാൽ കേന്ദ്രവും ഇരുട്ടിലാണ്. കോടതിയെ അറിയിക്കാനുള്ള വിവരങ്ങൾ കേസ് പരിഗണിക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പെങ്കിലും ഫയൽ ചെയ്യണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
നദിയിൽനിന്ന് മാലിന്യം നീക്കുന്ന ജോലികൾ മാർച്ച് ആദ്യ വാരം തുടങ്ങുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കാനാവും. കടലാസിൽ മാത്രമല്ല, ഇക്കാര്യങ്ങളെല്ലാം പ്രവൃത്തിയിലും ഉണ്ടാകണമെന്ന് കോടതി ഓർമിപ്പിച്ചു. തുടർന്നാണ് ഇക്കാര്യത്തിലും സമയക്രമം തയാറാക്കി സമർപ്പിക്കാൻ നിർദേശിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.