അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈകോടതി ഉത്തരവ്
text_fieldsകൊച്ചി: ചിന്നക്കനാലിലെ ജനവാസ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പൻ എന്ന ആനയെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈകോടതി ഉത്തരവ്. ഹൈകോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് പറമ്പിക്കുളം കടുവ സങ്കേതത്തിലെ മുതുവരച്ചാൽ വനമേഖലയിലേക്ക് മാറ്റാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അരിക്കൊമ്പനെ പിടികൂടി ആനക്കൂട്ടിലടക്കുന്നതിനെതിരായ ഹരജിയാണ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഹരജി വീണ്ടും മേയ് 26ന് പരിഗണിക്കും.
ആനയെ പിടികൂടി കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ചില നിർദേശങ്ങളും കോടതി നൽകിയിട്ടുണ്ട്. മയക്കുവെടി വെച്ച് പിടികൂടുന്ന അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് വേണം പറമ്പിക്കുളത്തേക്ക് മാറ്റാൻ. ചിന്നക്കനാലിൽനിന്ന് ആറ് മണിക്കൂറിനുള്ളിൽ ആനയെ പറമ്പിക്കുളത്ത് എത്തിക്കാനാകും. ആനയെ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലൂടെ കൊണ്ടു പോകുമ്പോൾ ജില്ല കലക്ടർമാർ മേൽനോട്ടം വഹിക്കണം. മതിയായ പൊലീസിനെ വഴിയിൽ വിന്യസിക്കാനും പൊലീസ് എസ്കോർട്ട് നൽകാനും അതത് ജില്ല പൊലീസ് മേധാവികൾ നടപടിയെടുക്കണം. ആനയുമായി വാഹനം പോകുന്ന വഴിയിൽ വൈദ്യുതിബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ടാൽ ഇതു ചെയ്യാൻ വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണം. കോട്ടയം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ.എസ്. അരുൺ, പ്രോജക്ട് ടൈഗർ സി.സി.എഫ് പി.പി. പ്രമോദ്, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയ എന്നിവർ സംഘത്തിനൊപ്പമുണ്ടാവുകയും സമ്പൂർണ മേൽനോട്ടം വഹിക്കുകയും വേണം. ആനയെ പിടികൂടി പറമ്പിക്കുളത്ത് എത്തിച്ച് കാട്ടിൽ വിടുന്നതിന്റെ ദൃശ്യങ്ങൾ പകർത്താനോ പ്രചരിപ്പിക്കാനോ പൊതുജനങ്ങളെ അനുവദിക്കരുത്. ആനയെ കൊണ്ടുപോകുന്ന വഴിയിൽ ചെണ്ടകൊട്ടാനോ പടക്കം പൊട്ടിക്കാനോ പാടില്ല. ആഘോഷങ്ങളും പ്രതിഷേധങ്ങളും അനുവദിക്കരുത്. ആവശ്യമെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
പറമ്പിക്കുളം കടുവാ സങ്കേതത്തിലെ മുതുവരച്ചാൽ മേഖലയിൽ വേണ്ടത്ര ഭക്ഷണവും വെള്ളവും മറ്റ് പ്രകൃതി വിഭവങ്ങളുമുള്ളതിനാൽ അരിക്കൊമ്പനെ ഇങ്ങോട്ടേക്ക് മാറ്റുന്നതാവും ഉചിതമെന്ന നിർദേശമാണ് വിദഗ്ധ സമിതി നൽകിയത്. റേഷനരിയും മറ്റും കഴിക്കുന്ന സ്വഭാവം കാലക്രമേണ മാറും. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ കുറഞ്ഞ മേഖലയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്കു വിടുക, പിടികൂടി മറ്റൊരു മേഖലയിലേക്ക് മാറ്റുക എന്നീ സാധ്യതകളാണ് സമിതി പരിഗണിച്ചത്. മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാൽ ആനയുടെയും മനുഷ്യരുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയും. അരിക്കൊമ്പന് മദപ്പാടുണ്ടെന്നതിനാൽ മാറ്റാനാകുമോയെന്ന കാര്യത്തിൽ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയയുടെ അഭിപ്രായം തേടിയിരുന്നു. മദപ്പാടിലുള്ള ആനകളെ പിടികൂടി മുമ്പു മാറ്റിയിട്ടുണ്ടെന്നും ഫീൽഡ് ഓഫിസർമാർക്ക് ഇത് സാധിക്കുമെന്നും ഡോ. അരുൺ ഉറപ്പുനൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.