ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈകോടതി ഉത്തരവ്
text_fieldsസംസ്ഥാന യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈകോടതി ഉത്തരവ്. വിഷ്ണു നൽകിയ ഹരജി പരിഗണിച്ചാണ് കൊല്ലം ജില്ല പൊലീസ് മേധാവി, കൊട്ടിയം എസ്.എച്ച്.ഒ, കൊല്ലം വെസ്റ്റ് പൊലീസ് എന്നിവർക്ക് ഹൈകോടതി നിർദേശം നൽകിയത്.
കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നും ഇതിന്‍റെ വരുമാന സ്രോതസ്സ് കാണിക്കണമെന്നുമായിരുന്നു വിഷ്ണു സുനിൽ പന്തളത്തിന്‍റെ പരാതി. 8500 രൂപ ശരാശരി ദിവസ വാടക വരുന്ന അപാർട്‌മെന്റാണിതെന്നും ഇങ്ങനെയെങ്കിൽ 38 ലക്ഷത്തോളം രൂപ ചിന്ത നൽകേണ്ടി വരുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇത്രയും പണം യുവജന കമീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടിയെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും വിജിലൻസിനും എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിലും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയെത്തുടർന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വിഷ്‌ണു സുനിൽ ഹരജി നല്‍കിയത്. ചിന്ത ജെറോം, റിസോർട്ടുടമ എന്നിവരിൽനിന്ന് ജീവന് പോലും ഭീഷണിയുണ്ടെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, അമ്മയുടെ ആയുര്‍വേദ ചികിത്സയുടെ ഭാഗമായാണ് റിസോർട്ടിൽ താമസിച്ചതെന്നും പ്രതിമാസം 20,000 രൂപ മാത്രമാണ് വാടകയായി നൽകിയതെന്നും അമ്മയുടെ പെൻഷൻ തുകയിൽ നിന്നാണ് ഇത് നൽകിയതെന്നും ചിന്ത ജെറോം പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.