ടൈറ്റാനിയം അഴിമതി കേസ്: സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്
text_fieldsകൊച്ചി: ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് നടന്ന ടൈറ്റാനിയം അഴിമതിക്കേസ് സി.ബി.ഐ ഏറ്റെടുത്ത് അന്വേഷിക്കണമെന്ന് ഹൈകോടതി. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന സംസ്ഥാന സർക്കാറിന്‍റെ ആവശ്യം പരിഗണിക്കാത്ത കേന്ദ്ര സർക്കാറിന്‍റെയും സി.ബി.ഐയുടെയും നടപടിക്കെതിരെ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് മുൻ ജീവനക്കാരനും ജനറൽ ലേബർ യൂനിയൻ വൈസ് പ്രസിഡൻറുമായിരുന്ന എസ്. ജയൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്‍റെ ഉത്തരവ്.
ടൈറ്റാനിയം കമ്പനിയിൽ മലിനീകരണ നിയന്ത്രണ പ്ലാന്‍റ് സ്ഥാപിക്കാൻ ഫിൻലാൻഡ് ആസ്ഥാനമായ കമ്പനിയുമായി കരാറിൽ ഏർപ്പെട്ട് 256 കോടി രൂപയുടെ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് പ്രോജക്ട് കൺസൾട്ടൻറായി പ്രവർത്തിച്ച മെകോൺ 120 കോടിയുടെ അഴിമതി നടത്തിയെന്നാണ് കേസ്. 2014ലെ കോടതി ഉത്തരവിനെത്തുടർന്ന് അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം നടത്തിയിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വ്യവസായ മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർക്കെതിരെയായിരുന്നു ആരോപണം. 86 കോടിയോളം രൂപയുടെ അഴിമതി നടന്നെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. അന്തർദേശീയബന്ധം കൂടിയുള്ള കേസായതിനാൽ സി.ബി.ഐക്ക് വിടണമെന്ന ശിപാർശ വിജിലൻസ് സമർപ്പിച്ചു. കേസ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രവും സി.ബി.ഐയും ഇത് പരിഗണിക്കുന്നില്ലെന്നായിരുന്നു ഹരജി.
20 വർഷം മുമ്പ് നടന്ന ഇടപാടിൽ വിദേശ വിതരണക്കാർ മെഷീനറി നൽകിയതിന്‍റെ രേഖകൾ ഇപ്പോൾ ശേഖരിക്കുന്നത് പ്രായോഗികമല്ലെന്നും ഇന്ത്യയും ഫിൻലാൻഡുമായി പരസ്പര നിയമസഹായ കരാറുകളൊന്നും നിലവിലില്ലെന്നുമടക്കം ചൂണ്ടിക്കാട്ടിയാണ് അന്വേഷണം ഏറ്റെടുക്കാൻ സി.ബി.ഐ മടിച്ചത്. വിജിലൻസ് അന്വേഷണത്തിൽ ഇടപാടുകാരെയോ ഇടപാടുമായി ബന്ധപ്പെട്ട രേഖകളോ കണ്ടെത്താനായില്ല.
ഇടപാടിൽ മുഖ്യ പങ്കുവഹിച്ചെന്ന് ആരോപണമുള്ളവരെപ്പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു കേന്ദ്ര നിലപാട്. എന്നാൽ, അന്തർദേശീയ ബന്ധം അവഗണിക്കാനാവില്ലെന്നും ഇതിന് കേന്ദ്ര ഏജൻസിയുടെ അന്വേഷണമാണ് വേണ്ടതെന്നും വിലയിരുത്തിയ കോടതി, എത്രയും വേഗം കേസ് ഏറ്റെടുക്കാൻ സി.ബി.ഐക്ക് നിർദേശം നൽകി. ആറുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.