ആദിവാസി മേഖലകളിൽ ലഹരി വ്യാപനം: പൊലീസിനെ വിന്യസിച്ച് തടയണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ആദിവാസി മേഖലകളിലേക്ക് അനധികൃത മദ്യവും മയക്കുമരുന്നും ഒഴുക്കുന്നത് തടയാൻ പൊലീസിനെ വിന്യസിക്കുന്നതടക്കം നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി.
ഇടക്കിടെ പൊലീസ്, വനം അധികൃതരടക്കം പരിശോധന നടത്തണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ആദിവാസി മേഖലകളിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സ്വമേധയാ സ്വീകരിച്ചതടക്കം ഹരജികൾ പരിഗണിച്ചാണ് ഉത്തരവ്. മയക്കുമരുന്നും മദ്യവും വ്യാജമദ്യവും മറ്റും ഊരുകളിലേക്ക് കടത്തുന്നത് തടയുക, അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങി അട്ടപ്പാടി ആദിവാസി മേഖലക്ക് വേണ്ടി പുറപ്പെടുവിച്ച ഉത്തരവ് വയനാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ആദിവാസി മേഖലകളിലും ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ ഇവിടങ്ങളിൽ നടപ്പാക്കിയത് സംബന്ധിച്ച് കലക്ടർമാർ മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം.
അനധികൃത മദ്യം, സ്ത്രീകൾക്കെതിരായ അതിക്രമം, അവിവാഹിതരായ അമ്മമാരുടെ വർധന, അസ്വാഭാവിക മരണങ്ങൾ, ഭൂമാഫിയ പ്രവർത്തനങ്ങൾ, സർക്കാർ സഹായം വൈകിപ്പിക്കൽ, അനധികൃത റിസോർട്ടുകളുടെ നിർമാണം തുടങ്ങിയ വിഷയങ്ങളിെല ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ശിശുമരണങ്ങൾ വർധിക്കുെന്നന്നും ആദിവാസി ക്ഷേമത്തിന് അനുവദിച്ച തുക വേണ്ടവിധം വിനിയോഗിക്കപ്പെടുന്നില്ലെന്നുമുള്ള പരാതികളുമുണ്ട്. അട്ടപ്പാടിയിൽ നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച് 2020 നവംബറിൽ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് മറ്റ് മൂന്ന് മേഖലക്കുകൂടി ബാധകമാക്കിയത്. ആദിവാസികൾക്ക് നൽകിയ സൗകര്യങ്ങൾ വ്യക്തമാക്കി സർക്കാറും ജില്ല ലീഗൽ സർവിസ് അതോറിറ്റിയും സത്യവാങ്മൂലം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.