ബാലഭാസ്കറിെൻറ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവ്; `ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണം'
text_fieldsകൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കർ കാർ അപകടത്തിൽ മരിച്ച സംഭവത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് തുടരന്വേഷണം നടത്തി കണ്ടെത്തണമെന്ന് സി.ബി.ഐക്ക് ഹൈകോടതി നിർദേശം. ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ കെ.സി. ഉണ്ണി, ബി. ശാന്തകുമാരി, കേസിലെ സാക്ഷി സോബി ജോർജ് എന്നിവരുടെ ഹരജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. ഹരജിക്കാർ ഉന്നയിച്ച സംശയങ്ങളിൽ 20 എണ്ണം ഗൗരവമുള്ളതാണെന്ന് കോടതി വിലയിരുത്തി.
സി.ബി.ഐ മൂന്നുമാസത്തിനകം തുടരന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നും സ്വർണക്കടത്തുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്ന് പ്രത്യേകം അന്വേഷിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു. ബാലഭാസ്‌കറും കുടുംബവും വടക്കുംനാഥ ക്ഷേത്ര ദർശനം കഴിഞ്ഞ് തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും വഴി 2018 സെപ്റ്റംബർ 25ന് പുലർച്ച 3.30നായിരുന്നു അപകടം.
പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം ഇവർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ബാലഭാസ്‌കറും മകൾ തേജസ്വിനിയും മരണപ്പെടുകയും ഭാര്യ ലക്ഷ്മിയും കാർഡ്രൈവർ അർജുനും പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. അന്വേഷണം സി.ബി.ഐക്ക് വിട്ടെങ്കിലും സംഭവം റോഡപകടമാണെന്ന് വ്യക്തമാക്കി 2021 ജനുവരി 27ന് സി.ബി.ഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. റിപ്പോർട്ടിൽ ദുരൂഹതകളുണ്ടെന്നും തുടരന്വേഷണം വേണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി ഈ വാദം തള്ളിയതിനെ തുടർന്നാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്.
ബാലഭാസ്കറിന്റെ അടുത്ത സഹായി പ്രകാശ് തമ്പി, അപകടത്തെക്കുറിച്ച് ആദ്യമറിഞ്ഞവരിൽ ഒരാളായ ജിഷ്‌ണു, ഡ്രൈവർ അർജുന്റെ സുഹൃത്തും മുൻ തൊഴിൽ ഉടമയുമായ വിഷ്‌ണു സോമസുന്ദരം, ലത രവീന്ദ്രനാഥ് എന്നിവരുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ഹരജിക്കാർ ഉന്നയിച്ചത്. ബാലഭാസ്‌കറിന്റെ കാർ ഒരു പെട്രോൾ പമ്പിൽവെച്ച് ചിലർ ആക്രമിക്കുന്നത് കണ്ടെന്നും പിന്നീട് കാർ അപകടത്തിൽപെട്ടപ്പോൾ ഇവരിൽ ചിലരെ അവിടെ കണ്ടെന്നും സോബി ജോർജ് മൊഴി നൽകിയിരുന്നു. ഹരജിക്കാരുടെ സംശയങ്ങളും ഈ മൊഴിയും പരിഗണിച്ചാണ് സിംഗിൾബെഞ്ചിന്‍റെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.