എട്ടു വർഷമായി ശീതീകരിച്ച് സൂക്ഷിക്കുന്ന ഭ്രൂണം ചികിത്സാർഥം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഹൈകോടതി ഉത്തരവ്
text_fieldsകൊച്ചി: എട്ടുവർഷമായി ഒരു ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ശീതീകരിച്ച ഭ്രൂണങ്ങൾ തുടർ ചികിത്സയുടെ ഭാഗമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന ഉടമകളായ ദമ്പതികളുടെ ആവശ്യം ഹൈകോടതി അനുവദിച്ചു. വന്ധ്യതാ ചികിത്സയുടെ ഭാഗമായി കൊടുങ്ങല്ലൂരിലെ ക്രാഫ്‌റ്റ് ആശുപത്രിയിൽ കൃത്രിമ ബീജസങ്കലനം നടത്തി സൂക്ഷിച്ചിരിക്കുന്ന ഭ്രൂണങ്ങൾ മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിക്ക് കൈമാറാനാണ് ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടത്.
ഭ്രൂണം കൈമാറാനുള്ള തങ്ങളുടെ ആവശ്യം ക്രാഫ്‌റ്റ് ആശുപത്രി അധികൃതർ നിരസിച്ചതിനെതിരെ പെരുമ്പാവൂർ സ്വദേശികളായ ദമ്പതികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2014 സെപ്റ്റംബർ മുതൽ ശീതീകരിച്ച ഭ്രൂണങ്ങൾ സൂക്ഷിച്ചതിന് നൽകാനുള്ള കുടിശ്ശിക തുക ഹരജിക്കാർ കൊടുങ്ങല്ലൂരിലെ ആശുപത്രിക്ക് നൽകണമെന്ന് ഉത്തരവിൽ പറയുന്നു. തുക അടച്ച് ഹൈകോടതി വിധിപ്പകർപ്പ് ഹാജരാക്കുമ്പോൾ ഭ്രൂണങ്ങൾ മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിക്ക് കൈമാറണം. സബൈൻ ആശുപത്രി അധികൃതർ ഭ്രൂണങ്ങൾ സ്വീകരിച്ച് വന്ധ്യതാ ചികിത്സാ സംവിധാനത്തിനുള്ള ബാങ്കിൽ സൂക്ഷിക്കണം. നിയമ പ്രകാരം ഇതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് വ്യക്തമാക്കി അഞ്ച് ദിവസത്തിനകം മൂവാറ്റുപുഴയിലെ ആശുപത്രി അധികൃതർ സത്യവാങ്മൂലം നൽകണമെന്നും ഉത്തരവിൽ പറയുന്നു. തുടർന്ന്, ഹരജി ഒരാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
2007ൽ വിവാഹിതരായ ദമ്പതികൾ വർഷങ്ങളായി കുട്ടികളില്ലാത്തതിനെത്തുടർന്നാണ് കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയുടെ ഭാഗമായി 2014ൽ യുവതിയിൽനിന്ന് അണ്ഡം ശേഖരിച്ച് ബീജസങ്കലനം നടത്തി ഭ്രൂണങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചുവരുകയായിരുന്നു. ദുബൈയിലായിരുന്ന ദമ്പതികൾ ഇതോടൊപ്പം ക്രാഫ്റ്റ് ആശുപത്രിയുടെ അവിടുത്തെ സെന്‍ററിൽ ചികിത്സയും തുടർന്നു. എന്നാൽ, യുവതിയുടെ ഗർഭാശയ ഭിത്തിക്ക് മതിയായ കനമില്ലാത്തതിനാൽ ചികിത്സ നിർത്താൻ 2016ൽ ആശുപത്രി ചീഫ് കൺസൾട്ടന്‍റ് നിർദേശിച്ചു.
ഇതേ സ്ഥിതിയിലായിരുന്ന യുവതിയുടെ സഹോദരിക്ക് മൂവാറ്റുപുഴ ആശുപത്രിയിലെ ചികിത്സയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതോടെയാണ് ദമ്പതികൾ ആ ആശുപത്രിയെ സമീപിച്ചത്. തുടർന്ന്, കൊടുങ്ങല്ലൂരിലെ ആശുപത്രിയിലുള്ള ശീതീകരിച്ച ഭ്രൂണങ്ങൾ വിട്ടുകിട്ടാൻ അപേക്ഷ നൽകിയെങ്കിലും വന്ധ്യതാ ചികിത്സാ സാങ്കേതികവിദ്യകൾ നിയന്ത്രിക്കുന്ന നിയമപ്രകാരം ഭ്രൂണം കൈമാറാനാവില്ലെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതർ ആവശ്യം നിരസിച്ചു.
എന്നാൽ, ഈ നിയമത്തിലെ സെക്ഷൻ 29 പ്രകാരം ഭ്രൂണ കൈമാറ്റം തടഞ്ഞിട്ടുള്ളത് ഭ്രൂണങ്ങളുടെ വിൽപനക്ക് തടയിടാനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കളാകാനുള്ള ദമ്പതികളുടെ ആഗ്രഹവും എട്ടുവർഷമായി ശീതീകരിച്ച നിലയിലുള്ള ഭ്രൂണത്തിന്‍റെ ഉള്ളിൽ തുടിക്കുന്ന ജീവന്‍റെ അവകാശവും ഇതുമായി ബന്ധമില്ലാത്ത ഒരു നിയമ വ്യവസ്ഥയുടെ പേരിൽ നിഷ്‌ഫലമാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് ഹരജിക്കാരുടെ ആവശ്യം അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.