മുനമ്പത്ത് ജുഡീഷ്യൽ കമീഷനെ നിയമിച്ച സർക്കാർ നടപടി ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സർക്കാർ ജുഡീഷ്യൽ കമീഷനെ നിയമിച്ചത് ഹൈകോടതി റദ്ദാക്കി. വഖഫ് സ്വത്ത് സംബന്ധിച്ച തർക്കത്തിൽ വഖഫ് ബോർഡാണ് തീരുമാനമെടുക്കേണ്ടത്. ഈ തീരുമാനം അന്തിമമാണെന്നും ഇതിനെതിരായ ഹരജി വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കെ, അന്വേഷണ കമീഷനെ നിയമിച്ച സർക്കാർ തീരുമാനം നിലനിൽക്കുന്നതല്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
വഖഫ് വിഷയത്തിൽ ബോർഡിന്റെ തീരുമാനം തിരുത്താനും ഇടപെടാനും വഖഫ് ട്രൈബ്യൂണലിനല്ലാതെ സിവിൽ, റവന്യൂ കോടതികളടക്കം മറ്റൊരു സംവിധാനത്തിനുമാവില്ല. സർക്കാറിനും ഇത് പുനഃപരിശോധിക്കാനാവില്ല. വഖഫ് ആക്ടും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ബോർഡിന്റെ അന്തിമ തീരുമാനവും ഇതുസംബന്ധിച്ച് സർക്കാർതന്നെ അംഗീകരിച്ച നിസാർ കമീഷൻ റിപ്പോർട്ടിന്റെ ഉള്ളടക്കവും സിവിൽ കോടതികളുടെയും ഹൈകോടതിയുടെയും ഉത്തരവുകളും പരിഗണിക്കാതെയാണ് സർക്കാർ കമീഷനെ നിയമിച്ചത്. യാന്ത്രികവും മനസ്സിരുത്താതെയുമുള്ള നടപടിയാണ് സർക്കാറിന്റേതെന്നും സർക്കാർ നടപടി ചോദ്യംചെയ്ത് വഖഫ് സംരക്ഷണവേദി നൽകിയ ഹരജി അനുവദിച്ച് കോടതി വ്യക്തമാക്കി.
കമീഷനെ നിയമിക്കാൻ സർക്കാറിന് അധികാരമുണ്ടെന്നും ചോദ്യംചെയ്യാൻ ഹരജിക്കാർക്ക് അവകാശമില്ലെന്നുമായിരുന്നു സർക്കാർ വാദം. ഭൂമി ഫാറൂഖ് കോളജ് മാനേജ്മെന്റിന് ഇഷ്ടദാനം ലഭിച്ചതാണെന്നും വഖഫ് ഭൂമിയല്ലാത്തതിനാൽ സമ്പൂർണ വിൽപനാവകാശമുള്ളതാണെന്നുമായിരുന്നു ഫാറൂഖ് കോളജിന്റെയും സ്ഥലത്ത് താമസക്കാരായിരുന്നവരുടെയും വാദം.
വഖഫ് വിഷയങ്ങളുമായി ബന്ധപ്പെട്ട് ഹരജിക്കാർ മുമ്പും കോടതിയെ സമീപിച്ചിട്ടുണ്ട്. വഖഫ് ബോർഡിന്റെ ആനുകൂല്യങ്ങൾക്ക് അർഹരായ സമുദായാംഗങ്ങൾ എന്ന നിലയിലടക്കം ഹരജി നൽകാൻ വഖഫ് സംരക്ഷണ സമിതിക്ക് അവകാശമില്ലെന്ന സർക്കാർ വാദവും കോടതി തള്ളി.
കുടിയിറക്ക് ഭയക്കുന്നവരുടെ സമരത്തെയും പ്രതിഷേധത്തെയും തുടർന്നുണ്ടായ ക്രമസമാധാന പ്രശ്നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ചു ചേർത്തതിനെത്തുടർന്നാണ് കമീഷനെ നിയമിക്കാനുള്ള തീരുമാനമുണ്ടായതെന്നാണ് സർക്കാർ കോടതിയിൽ നൽകിയ എതിർസത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ, നിയമന ഉത്തരവിൽ ഇങ്ങനെയൊരു പരാമർശമില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ട്രൈബ്യൂണലിൽ നിലനിൽക്കേ, ഏതു സാഹചര്യത്തിലായാലും ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ നീങ്ങരുതായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കേണ്ടത് സർക്കാർ -ജസ്റ്റിസ്. സി.എൻ. രാമചന്ദ്രൻ നായർ
കൊച്ചി: മുനമ്പം ജുഡിഷ്യൽ കമീഷൻ നിയമനം റദ്ദാക്കിയ ഹൈകോടതി ഉത്തരവിൽ പ്രതികരിക്കേണ്ടത് സർക്കാറാണെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. കോടതി വിധിക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി ഉത്തരവിൽ വ്യക്തിപരമായി പ്രതികരിക്കേണ്ട കാര്യമില്ല.
തന്റെ നേതൃത്വത്തിലുള്ള കമീഷനെ നിയോഗിച്ചത് സർക്കാറാണ്. അതുകൊണ്ടുതന്നെ വിധിയിൽ പ്രതികരിക്കേണ്ടതും അപ്പീൽ പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതുമെല്ലാം സർക്കാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.